ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കേരള സംസ്ഥാന സര്‍ക്കാരിനു ജര്‍മന്‍ മലയാളികളുടെ അംഗീകാരം. രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയെ യൂണിയന് ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന് (ഉഗ്മ) തെരഞ്ഞെടുത്തു. ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ ഉഗ്മ നടത്തിയ അഭിപ്രായവോട്ടെടുപ്പിലൂടെയാണ് രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തതെന്ന് ഉഗ്മ പ്രസിഡന്റ് ഏബ്രഹാം ജോണ്‍ നെടുംതുരുത്തിമ്യാലില്‍ അറിയിച്ചു. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും ഉള്‍പ്പെടുന്ന പുരസ്കാരം അടുത്തമാസം സമ്മാനിക്കും.
സംസ്ഥാനത്തുടനീളം ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്കപരിപാടികള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. തുടര്‍ച്ചയായി 19 മണിക്കൂര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും അദ്ദേഹം കാണിച്ച നിശ്ചയദാര്‍ഢ്യം ലോകത്തിനു പുതിയ അനുഭവമായിരുന്നു. യുഎന്‍ഡിപി പോലുള്ള രാജ്യാന്തര സംഘടനകള്‍ പോലും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയതു ചെറിയ കാര്യമല്ല. ഒരു വര്‍ഷത്തിനിടെ സംസ്ഥാനം വലിയ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. അടിസ്ഥാന വികസനരംഗത്തു വന്‍ കുതിപ്പാണുണ്ടായത്. സത്യസന്ധമായും സമയബന്ധിതമായും സര്‍ക്കാരിന്റെ പരിപാടികള്‍ നടപ്പാക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം എല്ലാ ഭരണാധികാരികള്‍ക്കും മാതൃകയാണെന്ന് ഏബ്രഹാം ജോണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല