സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സംഘടനക്ക് എഴുപതു വയസ്, നീല നിറമണിഞ്ഞ് പിറന്നാള്‍ ആഘോഷിക്കാന്‍ അംഗരാജ്യങ്ങള്‍. ന്യൂസിലന്‍ഡിലാണ് വാര്‍ഷികാഘോഷങ്ങള്‍ ആദ്യം തുടങ്ങിയത്. ലോകത്തിലെ വിവിധ ഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 250 കേന്ദ്രങ്ങള്‍ ഇതിനകം യുഎന്നിന്റെ ഔദ്യോഗിക നിറമായ നീലയണിഞ്ഞു.
ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനം രണ്ടു ദിവസം ദീപാലംകൃതമായിരിക്കും. ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് ഇന്നു നടക്കുന്ന വിവിധ കലാപരിപാടികളോടെ വാര്‍ഷിക ചടങ്ങുകള്‍ അവസാനിക്കും. 1948 മുതലാണ് യു.എന്‍. ഡേ ആചരിച്ചുവരുന്നത്. യു.എന്‍. ചാര്‍ട്ടര്‍ നിലവില്‍ വന്ന ദിവസത്തെയാണ് (1948 ഒക്‌ടോബര്‍ 24) യു.എന്‍. ഡേയായി വിശേഷിപ്പിക്കുന്നത്.
ചാര്‍ട്ടറിന്റെ കാലാതീതമായ മൂല്യമാണു തങ്ങളുടെ വഴികാട്ടിയെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ലോകത്തിനു നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ഈജിപ്തിലെ ഗിസയിലുള്ള പിരമിഡ്, റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദ റെഡീമര്‍ പ്രതിമ, ചൈനയിലെ വന്‍മതില്‍, റഷ്യയിലെ ഹെര്‍മിറ്റേജ് മ്യൂസിയം, ജോര്‍ദാനിലെ പുരാതന നഗരമായ പെട്ര, ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ഹാള്‍, ന്യൂയോര്‍ക്കിലെ എമ്പയര്‍ സ്‌റ്റേറ്റ് ബില്‍ഡിങ് , സിഡ്‌നിയിലെ ഓപ്പറ ഹൗസ് എന്നിവിടങ്ങളില്‍ ഇന്നലെ പ്രതീകാത്മകമായി നീല നിറം പ്രകാശിച്ചു.
ഇന്ന് ഇന്ത്യയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ യു.എന്‍. പതാകയുയര്‍ത്തും. ദേശീയ പതാകയ്‌ക്കൊപ്പമാണ് ഐക്യരാഷ്ട്ര സംഘടനയുടെ പതാകയും ഉയര്‍ത്തേണ്ടത്. രാജ്യത്ത് യു.എന്‍. പതാകയുയര്‍ത്തുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര നഗര വികസന മന്ത്രാലയവും എംബസികള്‍/ ഹൈക്കമ്മിഷന്‍ തുടങ്ങിയവയ്ക്കുള്ള നിര്‍ദേശങ്ങള്‍ വിദേശകാര്യ മന്ത്രാലയവും പുറത്തിറക്കി. രാഷ്ട്രപതി ഭവന്‍, ഉപ രാഷ്ട്രപതിയുടെ വസതി, പാര്‍ലമെന്റ് ഹൗസ്, സുപ്രീം കോടതി എന്നിവിടങ്ങളില്‍ യു.എന്‍. പതാകയുയര്‍ത്തില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല