സ്വന്തം ലേഖകന്‍: പരിശോധനക്കെതിയ യുഎന്‍ രാസായുധ വിദഗ്ധരോട് കടക്ക് പുറത്തെന്ന് സിറിയ; ആരോപണവുമായി ബ്രിട്ടന്‍. ഈസ്റ്റേണ്‍ ഗൂട്ടായിലെ ദൂമാ നഗരത്തില്‍ പരിശോധന നടത്താന്‍ യുഎന്‍ രാസായുധ വിദഗ്ധരെ റഷ്യയും സിറിയയും അനുവദിക്കുന്നില്ലെന്ന് ബ്രിട്ടന്‍ ആരോപിച്ചു. ദൂമായില്‍ പരിശോധകര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഈ ഘട്ടത്തില്‍ സാധ്യമല്ലെന്നു പറഞ്ഞാണ് അനുമതി നിഷേധിക്കുന്നതെന്ന് നെതര്‍ലന്‍ഡ്‌സിലെ ബ്രിട്ടീഷ് സ്ഥാനപതി പീറ്റര്‍ വില്‍സണ്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഈ മാസം ഏഴിനു ദൂമായില്‍ നടന്ന രാസായുധാക്രമണത്തില്‍ 70 പേര്‍ക്കു ജീവഹാനി നേരിട്ടു. ഇതിനു പ്രതികാരമായി ശനിയാഴ്ച യുഎസും ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായി സിറിയിലെ മൂന്നു കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. രാസായുധ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും യുഎന്‍ പരിശോധകര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്നും സിറിയന്‍ ഭരണകൂടത്തിനു സൈനിക സഹായം നല്‍കുന്ന റഷ്യ വ്യക്തമാക്കിയിരുന്നു.
ഇതനുസരിച്ച് യുഎന്‍ പരിശോധകര്‍ ഞായറാഴ്ച ജോലി തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ ഇക്കാര്യം റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെര്‍ജി റെയ്ബ്‌കോവ് തള്ളിക്കളഞ്ഞു. ശനിയാഴ്ച യു.എസിന്റെ വ്യോമാക്രമണം മൂലമാണ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധന വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഒ.പി.സി.ഡബ്ല്യു അധികൃതരുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതായി സിറിയ സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല