1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2017

സ്വന്തം ലേഖകന്‍: രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ അന്ത്യശാസനം. രാഖൈന്‍ പ്രവിശ്യയില്‍ നടത്തുന്ന സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാറിനോട് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ആവശ്യപ്പെട്ടു. കൊലപാതകവും കൂട്ട ബലാത്സംഗവും അടക്കമുള്ള സൈനികാതിക്രമങ്ങള്‍ ഭയന്ന് വീടുകളില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന റോഹിങ്ക്യകള്‍ക്ക് സുരക്ഷിതമായി തിരിച്ചു വരാനുള്ള സാഹചര്യം ഒരുക്കണമെന്നും 15 അംഗ സുരക്ഷാ സമിതി ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

മേഖലയില്‍ ദുരിതാശ്വാസം നടത്തുന്ന യു.എന്‍ ഏജന്‍സികള്‍ക്കും ഇതര സന്നദ്ധസംഘടനകള്‍ക്കും സുരക്ഷിതമായി പ്രവര്‍ത്തിക്കാനാവശ്യമായ സാഹചര്യമൊരുക്കണമെന്നും സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍, മ്യാന്മറിനെ വിമര്‍ശിക്കുന്ന പ്രമേയം പാസാക്കുന്നതില്‍നിന്ന് സമിതി വിട്ടുനിന്നു. ഇത്തരം ഒരു നീക്കത്തിന് ബ്രിട്ടനും ഫ്രാന്‍സിനും പദ്ധതിയുണ്ടായിരുന്നെങ്കിലും ചൈനയുടെ എതിര്‍പ്പ് ഭയന്ന് പിന്നീട് നീക്കം ഉപേക്ഷിച്ച് പ്രതികരണം പ്രസ്താവനയില്‍ ഒതുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്മര്‍ ഭരണകൂടവുമായി ചൈനക്ക് അടുത്ത ബന്ധമാണുള്ളത്.

റോഹിങ്ക്യകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര നിലപാടുകാരായ അറാക്കന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി ആഗസ്റ്റ് 25 ന് മ്യാന്മര്‍ സേനക്കെതിരെ നടത്തിയ ആക്രമണത്തെ അപലപിച്ചു കൊണ്ടാണ് യു.എന്‍ പ്രസ്താവന ആരംഭിക്കുന്നത്. ക്രമസമാധാനം നിലനിര്‍ത്തിക്കൊണ്ട് സ്വന്തം ജനതയെ സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം പാലിക്കാന്‍ മ്യാന്മര്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ആറു ലക്ഷത്തോളം സാധാരണക്കാരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.