സ്വന്തം ലേഖകന്‍: 400 മൃതദേഹങ്ങള്‍ മറവു ചെയ്ത കൂട്ട ശവക്കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് കോംഗോയോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. കോംഗോയിലേക്ക് നിയോഗിക്കപ്പെട്ട സഭയുടെ മനുഷ്യാവകാശ സംരക്ഷണത്തിനുള്ള പ്രതിനിധികളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞ മാര്‍ച്ച് 19 നാണ് മാലുകു പ്രവിശ്യയിലെ അധികൃതര്‍ തങ്ങള്‍ 421 പേരെ ഒരൊറ്റ രാത്രി കൊണ്ട് മറവു ചെയ്ത കാര്യം വെളിപ്പെടുത്തിയത്. മാലുകു പട്ടണത്തിലെ മോര്‍ച്ചറിയില്‍ നിന്നുള്ള പാതിയില്‍ മരിച്ച ഭ്രൂണങ്ങളും, പ്രസവത്തില്‍ മരിച്ച കുഞ്ഞുങ്ങളും വീടില്ലാത്തവരുമാണ് ശവക്കല്ലറയില്‍ എന്നായിരുന്നു അധികൃതരുടെ നിലപാട്.
എന്നാല്‍ ജനുവരിയില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരും കൂടാതെ അടുത്തിടെ കോംഗോ തലസ്ഥാനമായ കിന്‍ഷാസയില്‍ നടന്ന കുറ്റവാളി വേട്ടയില്‍ മരിച്ചവരുമാണ് അടക്കം ചെയ്യപ്പെട്ടതെന്നാണ് ഐക്യരാഷ്ട്ര സഭാ പ്രതിനിധികള്‍ സംശയിക്കുന്നത്.
ഐക്യരാഷ്ട്ര സഭയോ, അമേരിക്കന്‍ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചോ ആവശ്യപ്പെടുന്ന പക്ഷം കൂട്ട ശവക്കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ തയ്യാറാണെന്ന് കോംഗോ നിയമ മന്ത്രി അലക്‌സിസ് താംബാവെ അറിയിച്ചിരുന്നു.
എന്നാല്‍ ശവക്കല്ലറ തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തനായ പ്രൊസിക്യൂട്ടറുടേതാകുമെന്നും താംബാവെ സൂചിപ്പിച്ചു. സംഭവം വിവാദമായതോടെ സര്‍ക്കാരിന് ഈ വിഷയത്തില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആരും അവകാശ വാദം ഉന്നയിക്കാത്ത അനാഥശവങ്ങള്‍ കൂട്ടമായി മറവു ചെയ്യുന്നത് പതിവാണെന്നാണ് അധികൃതരുടെ വിശദീകരണം. കിന്‍ഷാസയിലെ മോര്‍ച്ചറി സ്ഥലപരിമിതി മൂലം വീര്‍പ്പു മുട്ടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല