1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2017

 

സ്വന്തം ലേഖകന്‍: തൊഴിലിടങ്ങളില്‍ മതചിഹ്‌നങ്ങള്‍ വിലക്കുന്ന യൂറോപ്യന്‍ യൂനിയന്‍ കോടതിയുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉത്തരവില്‍ പ്രതിഷേധിച്ച് വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ഉത്തരവ് മതവിശ്വാസത്തിനെതിരായ വെല്ലുവിളിയാണെന്നും കടുത്ത വിവേചനമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ കുറ്റപ്പെടുത്തി. ഉത്തരവിനെതിരെ മുഴുവന്‍ രാജ്യങ്ങളും രംഗത്തിറങ്ങണമെന്നും സംഘടന ആഹ്വാനം ചെയ്തു.

യൂറോപ്പിന്റെ കടുത്ത മുസ്‌ലിം വിരുദ്ധതയാണ് കോടതി ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വിമണ്‍ ലോയേഴ്‌സ് ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് ആരോപിച്ചു. നിയമത്തിന്റെ പിന്തുണയോടെ നടക്കുന്ന വിവേചനമാണിത്. മതചിഹ്‌നങ്ങള്‍ക്ക് നിരോധനം എന്ന് ഉറക്കെ പറയുമ്പോഴും അത് ഹിജാബ് നിരോധനമാണ് ലക്ഷ്യമിടുന്നത്. മുസ്‌ലിം സ്ത്രീയുടെ മൗലിക അവകാശത്തിനെതിരായ നീക്കമാണിതെന്നും സംഘടന വിമര്‍ശിച്ചു.

അതേസമയം, കോടതി വിധിയെ അനുകൂലിച്ച് യൂറോപ്പിലെ വലതുപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിധി യൂറോപ്യന്‍ മൂല്യങ്ങളെ മുറുകെ പിടിക്കുന്നതാണെന്ന് യൂറോപ്യന്‍ പീപ്ള്‍സ് പാര്‍ട്ടി മേധാവി മാന്‍ഫ്രെഡ് വെബെര്‍ പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് യൂറോപ്യന്‍ പീപ്ള്‍സ് പാര്‍ട്ടി. ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥി ഫിലനും വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

ബെല്‍ജിയവും ഫ്രാന്‍സുമാണ് ജോലി സ്ഥലത്ത് മതചിഹ്‌നങ്ങള്‍ വിലക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ശിരോവസ്ത്രം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളിലെ രണ്ടു സ്ത്രീകള്‍ നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോഴാണ് ജീവനക്കാര്‍ മതചിഹ്നങ്ങള്‍ ധരിക്കുന്നത് വിലക്കാന്‍ സ്ഥാപന അധികാരികള്‍ക്ക് അവകാശമുണ്ടെന്ന സുപ്രധാന വിധി കോടതി പുറപ്പെടുവിച്ചത്.

തൊഴിലിടങ്ങളില്‍ മതം, രാഷ്ട്രീയം എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്ഥാപന ഉടമകള്‍ നിഷ്‌കര്‍ഷിക്കുന്ന നിയമം വിവേചനമായി കരുതേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.