സ്വന്തം ലേഖകന്‍: യുഎസില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ. അമേരിക്കയില്‍ വര്‍ഗീയ അതിക്ഷേപങ്ങളും ആക്രമണങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍.വംശീയ അധിക്ഷേപങ്ങള്‍ തടയുന്നതിനായി നിലകൊള്ളുന്ന ഐക്യരാഷ്ട്ര സഭയുടെ കമ്മറ്റിയാണ് വിമര്‍ശനം ഉന്നയിച്ചത്.
ട്രംപ് ഭരണകൂടം തുടരുന്ന കുറ്റകരമായ മൌനം വെടിയണം അക്രമങ്ങള്‍ ഒഴിവാക്കാന്‍ മുഖം നോക്കാതെയുള്ള നടപടി കൈക്കൊള്ളണം. വര്‍ഗീയ ആക്ഷേപങ്ങള്‍ക്കും കുറ്റങ്ങള്‍ക്കുമെതിരെ ട്രംപ് ഭരണകൂടം നിഷ്പക്ഷമായി നടപടിയെടുക്കണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. വെര്‍ജിനിയ ഷാര്‍ലെറ്റ്‌സ്‌വില്ലയില്‍ സംഘടിപ്പിക്കപ്പെട്ട വംശീയറാലിയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ട്രംപ് കൈക്കൊണ്ട നിലപാടിലാണ് വിമര്‍ശനം.
സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സംഘടന ആവശ്യപ്പെടുന്നു. വംശീയതക്കെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ യു.എസിലെ നേതൃത്വം പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടകരമാവുമെന്നും യു.എന്‍ മനുഷ്യാവകാശ വിദഗ്ധര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ നിയോ നാസി അനുഭാവമുള്ള തീവ്ര വലതുകക്ഷികളും പ്രതിഷേധക്കാരും ഒരുപോലെ പങ്കാളികളാണെന്ന ട്രംപിന്റെ പരാമര്‍ശവും വിമര്‍ശന വിധേയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല