ഐക്യരാഷ്ട്ര സഭയുടെ സംയുക്ത അവലോകനസമിതി (ജെ.ഐ. യു.) വിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ വിജയം നേടി. 77-നെതിരെ 106 വോട്ട് നേടിയാണ് ഇന്ത്യയുടെ പ്രതിനിധിയായ എ. ഗോപിനാഥന് വിജയിച്ചത്. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷാങ് യാനിനെയാണ് ഗോപിനാഥന് പരാജയപ്പെടുത്തിയത്.
ലോകമെമ്പാടുമുള്ള യു.എന്‍ പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്നത് സ്വതന്ത്ര ചുമതലയുള്ള സംയുക്ത അവലോകന സമിതിയാണ്. നീണ്ട 35 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ വീണ്ടും സമിതിയില്‍ അംഗമാകുന്നത്. ഏഷ്യാ പെസഫിക് മേഖലയിലെ ഏക പ്രതിനിധികൂടിയാണ് ഗോപിനാഥന്. പത്തുവര്‍ഷമായി ചൈന ഈ സമിതിയില്‍ അംഗമാണ്. 1977-ലാണ് ഇന്ത്യ അവസാനമായി സമിതിയില്‍ അംഗമായത്. 2013 ആദ്യം മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് സമിതിയുടെ കാലാവധി.
സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട ഗോപിനാഥന് ജനീവയിലെ യു. എന്‍. ഓഫീസിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധികൂടിയാണ്. 1997-2001 കാലഘട്ടത്തില്‍ വിദേശകാര്യ മന്ത്രാലയങ്ങളുടെ ചുമതലയുള്ള യു. എന്‍ ജോയന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കശ്മീരും അരുണാചല്പ്രദേശുമില്ലാത്ത ഇന്ത്യന്‍ ഭൂപടം ചൈനീസ് കമ്പനി വിതരണം ചെയ്തതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ‘ശബ്ദിക്കരുത് ‘ എന്ന് പറഞ്ഞതിലൂടെ വിവാദത്തില്‍പ്പെട്ട അംബാസഡറാണ് ഗോപിനാഥനോട് പരാജയപ്പെട്ട ഷാങ് യാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല