സ്വന്തം ലേഖകൻ: കാഷ്മീരുമായി ബന്ധപ്പെട്ട ഇന്ത്യൻ നടപടികൾ ആണവയുദ്ധത്തിലേക്കു നയിക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആണവശക്തികളായ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന്റെ പ്രത്യാഘാതം ലോകത്തെ മുഴുവൻ ബാധിക്കുന്നതായിരിക്കുമെന്ന് യുഎൻ പൊതുസഭാ സമ്മേളനത്തിലെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദത്തിനെതിരേ ഒന്നിക്കാൻ ലോകത്തെ ആഹ്വാനം ചെയ്ത് അല്‍പസമയത്തിനകമാണ് ഇമ്രാന്റെ ഭീഷണിപ്രസംഗം അരങ്ങേറിയത്. അന്‍പതു മിനിട്ടു നീണ്ട പ്രസംഗത്തിന്റെ പകുതിയും അദ്ദേഹം നീക്കിവച്ചത് കാഷ്മീരുമായും ഇന്ത്യയുമായും ബന്ധപ്പെട്ട പരാമർശങ്ങൾക്കായിരുന്നു.
കാഷ്മീരിൽ ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന കർഫ്യൂ പിൻവലിച്ചാലുടൻ അവിടെ ചോരപ്പുഴ ഒഴുകും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ എന്തും സംഭവിക്കാം. ഇതൊരു ഭീഷണിയല്ല. ഭയക്കേണ്ട യാഥാർഥ്യമാണ്. ആണവശക്തിയുള്ള രാജ്യം അന്ത്യംവരെ പോരാടുന്പോൾ ഉണ്ടാകുന്ന പ്രത്യാഘാതം ലോകത്തെ മുഴുവൻ ബാധിക്കും. കാഷ്മീർ വിഷയത്തിൽ യുഎൻ പ്രമേയം നടപ്പാക്കാൻ തയാറാകണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടു.
അതേസമയം ഇമ്രാന് ഇന്ത്യ ശക്തമായ മറുപടി നല്കി. ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി മറ്റാരും സംസാരിക്കേണ്ടെന്ന് ഇന്ത്യയുടെ യുഎൻ പെർമനെന്റ് മിഷനിലെ ഫസ്റ്റ് സെക്രട്ടറി വിദിശ മൈത്ര പറഞ്ഞു. തീവ്രവാദത്തിന്റെ വ്യവസായികൾ ഇന്ത്യൻ ജനതയ്ക്കുവേണ്ടി ഒട്ടും സംസാരിക്കേണ്ട.
പാക് പ്രധാനമന്ത്രി യുഎൻ സഭയിൽ നടത്തിയ പ്രസംഗം ഭിന്നതയും വിദ്വേഷവും വർധിപ്പിക്കുന്നതാണ്. രക്തപ്പുഴ, അന്ത്യംവരെയുള്ള പോരാട്ടം തുടങ്ങി ഇമ്രാൻ പരാമർശിച്ച പല വാക്കുകളും മധ്യകാലഘട്ടത്തിനു ചേർന്നതാണെന്നും 21-ാം നൂറ്റാണ്ടിനു പറ്റിയതല്ലെന്നും വിദിശ മൈത്ര ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല