ലോകത്തെ സംഘര്‍ഷ ബാധിത രാഷ്ട്രങ്ങളില്‍ യുഎന്‍ നിയോഗിച്ച സമാധാന പാലകര്‍ പ്രദേശത്തുകാരെ ലൈംഗികമായി ചൂഷണം ചെയ്തതായി റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് ഇന്റേണല്‍ ഓവര്‍സൈറ്റ് സര്‍വ്വീസിന്റെ കരട് റിപ്പോര്‍ട്ട് എഎഫ്പി വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്. പ്രായപൂര്‍ത്തിയാകാത്തവരെ പോലും യുഎന്‍ സമാധാന സേനാംഗങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഹെയ്തിയില്‍ 231 പേര്‍ എന്തെങ്കിലും വസ്തുക്കള്‍ പ്രതിഫലമായി കൈപ്പറ്റി സേനാംഗങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭരണങ്ങള്‍, ഷൂസ്, വസ്ത്രങ്ങള്‍, ഫാന്‍സി അടിവസ്ത്രം, മൊബൈല്‍ ഫോണ്‍, പെര്‍ഫ്യും, റേഡിയോ, ടി.വി തുടങ്ങിയവയാണ് പലപ്പോഴും ഇവര്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത്. പട്ടിണിമാറ്റാനോ വീട്ടു സാധനങ്ങള്‍ക്ക് വേണ്ടിയോ ലൈംഗികതയ്ക്ക് സന്നദ്ധരാവുന്നവരും കുറവല്ല.
ഇന്റേണല്‍ ഓവര്‍സൈറ്റ് സര്‍വീസസ് നടത്തിയ സര്‍വേയില്‍ ലൈബീരിയന്‍ തലസ്ഥാനമായ മണ്‍റോവിയയില്‍ 25 ശതമാനം സ്ത്രീകളും സമാധാന സേനാംഗങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന് തെളിഞ്ഞു. എന്നാല്‍, ഇവര്‍ മറ്റുളളവരെക്കാള്‍ ജീവിതനിലവാരത്തില്‍ പിന്നോക്കം നില്‍ക്കുന്നവരല്ലെന്നും സര്‍വേയില്‍ വ്യക്തമായി. പണം നല്‍കിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ സൈനികരുടെ വ്യക്തിവിവരം പരസ്യപ്പെടുത്തുമെന്ന് ഹെയ്തിയിലെ സ്ത്രീകള്‍ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല