സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ നടന്നത് ക്രൂരതയുടെ തേര്‍വാഴ്ചയെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സേനയും എല്‍.ടി.ടി.ഇ.യും തമ്മില്‍ നടന്ന രണ്ടര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന യുദ്ധത്തില്‍ ഇരുപക്ഷവും പരസ്പരം കൊടുംക്രൂരതകള്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റകൃത്യങ്ങളുടെ വിചാരണക്ക് പ്രത്യേക കോടതി രൂപവത്കരിക്കാന്‍ സമിതി നിര്‍ദ്ദേശം നല്കി.
യുദ്ധം കഴിഞ്ഞിട്ടും വിമര്‍ശകരെയും എതിരാളികളെയും സര്‍ക്കാര്‍ നിര്‍ദയം അടിച്ചമര്‍ത്തി. 2009 ല്‍ യുദ്ധത്തിന്റെ അവസാനനാളുകളിലാണ് ഇരുപക്ഷവും നടുക്കുന്ന ക്രൂരതകള്‍ പ്രവര്‍ത്തിച്ചത്. ഇക്കാലത്ത് ഏകദേശം 40,000 തമിഴ് വംശജര്‍ കൊല്ലപ്പെട്ടു.
അതിഭീകരമായ കുറ്റകൃത്യങ്ങളും പീഡനങ്ങളും ശ്രീലങ്കയില്‍ നടന്നെന്നാണ് അന്വേഷണത്തില്‍ വെളിവായതെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എന്‍.എച്ച്.ആര്.സി. ഉദ്യോഗസ്ഥന് സൈദ് റാദ് അല്‍ ഹുസൈന് പറഞ്ഞു. കാണാതാകലുകള്‍, പീഡനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, നിയമവിരുദ്ധവും നിയമനടപടികള്‍ കൂടാതെയുമുള്ള കൊലപാതകങ്ങള്‍ എന്നിവ പരക്കെ നടന്നതായി അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പതിനായിരക്കണക്കിനാളുകളെ കാണാതായി. സര്‍ക്കാര്‍ സേനയ്ക്കുമുന്നില്‍ കീഴടങ്ങിയ മിക്കവരെയും പിന്നീട് കണ്ടിട്ടില്ല. തടവിലാക്കിയവരുടെമേല് സൈന്യം ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നടത്തി. പീഡനകേന്ദ്രങ്ങളില്‍ തടവുകാരെ അടിക്കാന്‍ ലോഹദണ്ഡുകളും ശ്വാസംമുട്ടിക്കാന്‍ വെള്ളംനിറച്ച വീപ്പകളും തൂക്കിനിര്ത്താന് കപ്പികളും കയറുകളും സൂക്ഷിച്ചു. യുദ്ധത്തിന്റെ അവസാനകാലത്ത് സ്വന്തം സേനയില്‍ എല്‍.ടി.ടി.ഇ. നിര്‍ബന്ധിതമായി ആളെ ചേര്‍ത്തു. യുദ്ധമുഖത്ത് വ്യാപകമായി കുട്ടികളെ ഉപയോഗിച്ചു, റിപ്പോര്‍ട്ട് പറയുന്നു.
2009ല്‍ ആഭ്യന്തരയുദ്ധം അവസാനിച്ചെങ്കിലും ഇപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഏഴ് അന്വേഷകര്‍ മൂന്ന് അന്താരാഷ്ട്ര നിയമവിദഗ്ധരുടെ ഉപദേശത്തോടെ തയ്യാറാക്കിയതാണ് 261 പേജുള്ള റിപ്പോര്‍ട്ട്. യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അനുരഞ്ജനസമിതി രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നതായി ശ്രീലങ്കയിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല