1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2016

സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ പുതിയ മേധാവി, രഹസ്യ വോട്ടെടുപ്പില്‍ മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ ഗട്ടേര്‍സ് മുന്നില്‍. പുതിയ യുഎന്‍ മേധാവിയെ തെരഞ്ഞെടുക്കുന്നതിന് രക്ഷാസമിതിയില്‍ നടന്ന ആറാമത് രഹസ്യ വോട്ടെടുപ്പില്‍ ഗട്ടേര്‍സിനുതന്നെയാണ് സാധ്യതയെന്നാണ് സൂചന.

ജൂലൈ മുതല്‍ തുടങ്ങിയ വോട്ടെടുപ്പ് അഞ്ചു ഘട്ടം പൂര്‍ത്തിയാക്കിയപ്പോഴും അന്റോണിയോ തന്നെയായിരുന്നു മുന്നില്‍. രണ്ട് ഘട്ടങ്ങളിലായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ദക്ഷിണ കൊറിയയില്‍നിന്നുള്ള ബാന്‍ കി മൂണിന്റെ കാലാവധി 2016 ഓടെ അവസാനിക്കുകയാണ്. സെപ്റ്റംബര്‍ 26 നു നടന്ന അഞ്ചാംഘട്ട രഹസ്യ വോട്ടെടുപ്പില്‍ ഗട്ടേര്‍സ് 12 അനുകൂല വോട്ടുകളും രണ്ട് പ്രതികൂല വോട്ടുകളും ഒരു അഭിപ്രായമില്ലാത്ത വോട്ടും നേടി.

വിവിധ നിറങ്ങളിലായുള്ള ബാലറ്റ് പേപ്പറുകളില്‍ സ്ഥാനാര്‍ഥികളെ അനുകൂലിക്കുന്നുവെന്നോ പ്രതികൂലിക്കുന്നുവെന്നോ അഭിപ്രായമില്ല എന്നോ രേഖപ്പെടുത്തിയാണ് രക്ഷാസമിതിയിലേക്ക് വോട്ടു ചെയ്യുക. 71 വര്‍ഷത്തെ ചരിത്രത്തിനിടെ ഒരിക്കല്‍പോലും വനിതാ സാരഥി ഉണ്ടായില്ല എന്ന ആക്ഷേപം മറികടക്കാന്‍ ഇത്തവണ ബള്‍ഗേറിയക്കാരിയായ ക്രിസ്റ്റീന ജോര്‍ജിവയും മത്സരരംഗത്തുണ്ട്.

എന്നാല്‍, ഗട്ടേര്‍സിന് വെല്ലുവിളി ഉയര്‍ത്താന്‍ ക്രിസ്റ്റീനക്ക് കഴിയില്ല എന്ന സൂചനയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. മത്സരത്തിലെ 13 മത്തേയും സ്ത്രീകളില്‍ ഏഴാമത്തെയും സ്ഥാനാര്‍ഥിയാണ് ക്രിസ്റ്റീന. ഇതിനകം രണ്ട് വനിതകള്‍ പിന്മാറുകയും ചെയ്തു. ഒപ്പം ക്രിസ്റ്റീനയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ വൈകിപ്പോയെന്ന വിമര്‍ശനവും നിലവിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.