സ്വന്തം ലേഖകന്‍: പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായേക്കും, രഹസ്യ വോട്ടെടുപ്പില്‍ ഗുട്ടെറസ് മുന്നില്‍. രക്ഷാസമിതിയിലെ 15 സ്ഥാനപതിമാരാണു വോട്ടെടുപ്പു നടത്തിയത്. ഇത്തവണ ഒരു വനിത സെക്രട്ടറി ജനറലാവുമെന്നു പരക്കെ പ്രതീക്ഷയുണ്ടായിരുന്നു. അതിനിടയിലാണ് ആദ്യ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
1995മുതല്‍ 2002വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറസ് പിന്നീട് അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചു. 67 കാരനായ ഗുട്ടെറസിന് പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
സ്ലോവേനിയയുടെ മുന്‍ പ്രസിഡന്റ് ഡാനിലോ ടുര്‍ക്കിനാണു രണ്ടാം സ്ഥാനം. ബള്‍ഗേറിയയുടെ ഐറിനാ ബെക്കോവ മൂന്നാം സ്ഥാനവും മാസിഡോണിയയുടെ മുന്‍ വിദേശമന്ത്രി സ്‌റിജാന്‍ കെരിം നാലാം സ്ഥാനവും നേടി. മുന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക്, സ്ലോവാക് വിദേശമന്ത്രി മിറോസ്ലാവ് ലജാക്, അര്‍ജന്റിനയുടെ വിദേശമന്ത്രി സുസന്ന മല്‍ക്കോറ എന്നിവര്‍ക്കാണു തൊട്ടടുത്ത സ്ഥാനങ്ങള്‍.
വരുംനാളുകളില്‍ കൂടുതല്‍ അനൗപചാരിക വോട്ടെടുപ്പുകള്‍ നടത്തും. എല്ലാവര്‍ക്കും യോജിപ്പുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തിയശേഷം ജനറല്‍ അസംബ്ലിയിലും വോട്ടെടുപ്പു നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന നേതാവ് ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി അടുത്ത ജനുവരിയില്‍ ചുമതലയേല്‍ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല