സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ തിങ്കളാഴ്ച ഇന്ത്യൻ പതാക ഉയരും. രക്ഷാസമിതിയിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. രക്ഷാസമിതിയിലെ താത്കാലിക അംഗമാണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാകും പതാക ഉയര്‍ത്തുക.
ഇന്ത്യക്ക് പുറമേ താത്കാലിക അംഗത്വം ലഭിച്ച നാലുരാജ്യങ്ങളുടെ പതാകകളും 2021 ലെ ആദ്യ ഔദ്യോഗിക പ്രവൃത്തിദിനമായ ജനുവരി നാലിന് നടക്കുന്ന പ്രത്യേക ചടങ്ങിൽ സ്ഥാപിക്കും. ഇന്ത്യക്ക് പുറമേ നോർവേ, കെനിയ, അയർലൻഡ്, മെക്സികോ എന്നിവരാണ് രക്ഷാസമിതിയിൽ താത്കാലിക അംഗത്വം ലഭിച്ച രാജ്യങ്ങൾ. ചൈന, ഫ്രാൻസ്, റഷ്യ, യു.കെ., യു.എസ് എന്നീ രാജ്യങ്ങൾ സമിതിയിലെ സ്ഥിരാംഗങ്ങളാണ്.
എട്ടാംതവണയാണ് ഇന്ത്യ രക്ഷാസമിതിയിൽ താത്കാലിക അംഗമാകുന്നത്. 193 അംഗങ്ങളുളള പൊതുസഭയിൽ 184 വോട്ട് നേടിയാണ് ഇന്ത്യ അംഗത്വം കരസ്ഥമാക്കിയത്. 2021 ഓഗസ്റ്റിൽ ഇന്ത്യക്ക് രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം ലഭിക്കും. അംഗരാജ്യങ്ങളെല്ലാവരും ഒരു മാസം വീതമാണ് സമിതിയുടെ അധ്യക്ഷ പദവി വഹിക്കുക. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലായിരിക്കും ഓരോ രാജ്യങ്ങൾക്കും ഇതിനുളള ഊഴം ലഭിക്കുന്നത്.
2018-ൽ ഖസാക്കിസ്ഥാനാണ് പതാക സ്ഥാപിക്കുന്ന ചടങ്ങ് ആദ്യമായി അവതരിപ്പിക്കുന്നത്. പതാകാസ്ഥാപനം പുതുതായി സമിതിയിലെത്തുന്ന അംഗങ്ങളെ അർഹമായ അംഗീകാരത്തോടെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ചടങ്ങ് ആരംഭിച്ചതെന്ന് ഖസാക്കിസ്ഥാന്റെ യുഎന്നിലെ മുൻ സ്ഥിരപ്രതിനിധി കൈറത്ത് ഉമറോവ് 2019-ലെ ചടങ്ങിൽ അഭിപ്രായപ്പെട്ടിരുന്നു. ചടങ്ങിന് സിമിതിയിലെ 15 അംഗങ്ങളും ഐക്യകണ്ഠേനയാണ് അംഗീകാരം നൽകിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല