സ്വന്തം ലേഖകന്‍: ലഖ്‌വി മോചന പ്രശ്‌നം സംബന്ധിച്ച് യുഎന്‍ രക്ഷാസമിതിയില്‍ ചൈനക്കും പാക്കിസ്ഥാനുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയൂര്‍ റഹ!്മാന്‍ ലഖ്‌വിയെ ജയിലില്‍നിന്നു മോചിപ്പിച്ച പാക്കിസ്ഥാന് എതിരെ ഇന്ത്യ യുഎന്നില്‍ നടത്തിയ നീക്കം ചൈന ഇടപെട്ട് തടഞ്ഞതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.
ഭീകരത തടയുന്നതില്‍ യുഎന്‍ രക്ഷാസമിതിയിലെ ചില സ്ഥിരാംഗങ്ങള്‍ കാട്ടുന്ന കാപട്യം ഇന്ത്യയുടെ യുഎന്‍ പ്രതിനിധി അശോക് മുഖര്‍ജി തുറന്നുകാട്ടി. ഭീകരത നേരിടാനുള്ള രക്ഷാസമിതിയുടെ കഴിവിനെത്തന്നെ ഇതു ചോദ്യം ചെയ്തതായി ഇന്ത്യ ചൂണ്ടിക്കാട്ടി.
ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തോടെ ഭീകരര്‍ പലയിടത്തും യുഎന്‍ സ്ഥാപനങ്ങളെയും സമാധാനസേനയെയും ആക്രമിച്ചിട്ടും നടപടി ഉണ്ടായില്ല. സാന്‍ഫ്രാന്‍സിസ്‌കോയില്‍ യുഎന്‍ ചാര്‍ട്ടറിനു രൂപം നല്‍കിയതിന്റെ എഴുപതാം വാര്‍ഷികാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖര്‍ജി.
യുഎന്‍ പ്രമേയത്തിനു വിരുദ്ധമായി ലഖ്‌വിയെ മോചിപ്പിച്ചതിന് പാക്കിസ്ഥാന് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഇന്ത്യയുടെ നീക്കമാണ് ചൈന ഇടപെട്ടു തടഞ്ഞത്. ഇന്ത്യ നല്‍കിയ വിവരങ്ങള്‍ അപൂര്‍ണമാണെന്നു വാദിച്ചായിരുന്നു ചൈനയുടെ പ്രതിനിധി എതിര്‍പ്പു പ്രകടിപ്പിച്ചത്.
ഇതേസമയം, തങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നുവെന്നാരോപിച്ച് ഇന്ത്യയ്‌ക്കെതിരെ യുഎന്നില്‍ പരാതി നല്‍കാന്‍ പാക്കിസ്ഥാന്‍ നീക്കം തുടങ്ങി. കറാച്ചിയില്‍ അസ്ഥിരതയുണ്ടാക്കാന്‍ മുത്താഹിദ ക്വാമി മൂവ്‌മെന്റിന് ഇന്ത്യ പണവും പരിശീലനവും നല്‍കി സഹായിക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല