ആമി വൈന്‍ഹൗസ് എന്ന ഗായിക പാടി മതിവരാതെ ഈ ലോകത്തോടു വിടപറഞ്ഞിട്ടു മാസങ്ങളാവുന്നതേയുള്ളൂ. ഒരുപാട് നല്ല ഗാനങ്ങളാല്‍ ആരാധകരുടെ പ്രിയ പാട്ടുകാരിയായ അമിയുടെ ഇനിയും പുറത്തു വരാത്ത, ആരും കേള്‍ക്കാത്ത പാട്ടുകളുടെ കലക്ഷന്‍ ഉടന്‍ പുറത്തു വരുന്നു. ഡിസംബറിലാവും അമിയുടെ ആല്‍ബം പുറത്തിറക്കുക. മരണത്തിനു മുമ്പായി അമി പൂര്‍ത്തിയാക്കിയ ആല്‍ബത്തിലെ ഗാനങ്ങള്‍ അങ്ങേയറ്റം മനോഹരമാണെന്നും അത് ആരാധകരുമായി പങ്കുവയ്ക്കുകയാണെന്നും അമിയുടെ അച്ഛന്‍ മിഷ് വൈന്‍ഹൗസ് പറയുന്നു.
കരിയര്‍ അവസാനിപ്പിക്കാന്‍ പലതവണ അമിയോടു പറഞ്ഞിരുന്നു. അവളില്‍ ഇത്രയും കഴിവ് ഒളിഞ്ഞിരിക്കുന്നുവെന്ന് തരിച്ചറിഞ്ഞതേയില്ല. കുടുംബത്തോടൊപ്പം ഈ ആല്‍ബം കേട്ടിരുന്നപ്പോഴാണ് അവളുടെ സംഗീതത്തിന്‍റെ ആഴവും പരപ്പും തിരിച്ചറിഞ്ഞത്. ജാസ് സ്റ്റാന്‍ഡേര്‍ഡ്സില്‍ തുടങ്ങി ഹിപ് ഹോപ്പില്‍ എത്തിനില്‍ക്കുന്ന ഓരോ പാട്ടുകളും കേട്ട് നിശ്ചലനായി നിന്നുപോയി മിഷ്. ഡിസംബര്‍ അഞ്ചിന് സ്റ്റോറുകളിലെത്തുന്ന ആല്‍ബത്തില്‍ അമി തന്നെയാണ് പാട്ടുകള്‍ എഴുതിയതും.
മയക്കുമരുന്നിന്‍റെ പ്രശ്നങ്ങള്‍ രൂക്ഷമായതും മുന്‍ ഭര്‍ത്താവ് ബ്ലെയ്ക് ഫീല്‍ഡര്‍ സിവിലുമായുള്ള ബന്ധവുമൊക്കെ പാട്ടുകളിലൂടെ അമി പറയാന്‍ ശ്രമിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍ ലണ്ടനിലെ വീട്ടില്‍ മയക്കുമരുന്നിന്‍റെ അമിതോപയോഗത്തെത്തുടര്‍ന്നു മരിക്കുമ്പോള്‍ ഇരുപത്തേഴു വയസായിരുന്നു അമിയുടെ പ്രായം. ആല്‍ബം വില്‍പ്പനയുടെ ലാഭത്തില്‍ ഒരു ഭാഗം ലഹരിയുടെ പിടിയില്‍ അകപ്പെട്ട കുട്ടികളെ സംരക്ഷിക്കാന്‍ അമിയുടെ വീട്ടുകാര്‍ തുടങ്ങിയ അമി വൈന്‍ഹൗസ് ഫൗണ്ടേഷനിലേക്കു നല്‍കാനും തീരുമാനമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല