സ്വന്തം ലേഖകന്‍: മലേഷ്യയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ച സ്ത്രീ വര്‍ഷങ്ങള്‍ക്കുമുമ്പ് ഊട്ടിയില്‍ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമനയെന്ന് സംശയം. മലേഷ്യയിലെ സുബാങ്ജായ സലങ്കോര്‍ എന്ന സ്ഥലത്ത് കെട്ടിടത്തില്‍നിന്നു വീണു മരിച്ച സ്ത്രീ മലയാളിയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ പയ്യന്നൂര്‍ കരുവാച്ചേരി എടാടന്‍ ഹൗസിലെ ഡോ. ഓമനയാണെന്നാണ് സംശയം.
ആളെ തിരിച്ചറിയാത്തതിനാല്‍ മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മരിച്ച സ്ത്രീയുടെ ഫോട്ടോ സഹിതം കഴിഞ്ഞ ദിവസം മലയാള പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് മരിച്ചത് ഡോ. ഓമനയാണെന്നു സംശയം ശക്തമായത്.
ഓമനയുടെ ഭര്‍ത്താവിനെയും സഹോദരനെയും ഫോട്ടോ കാണിച്ചപ്പോള്‍ അവരും സംശയം ശരിവച്ചു. ഓമനയുടെ തിരുവനന്തപുരത്തെ മകളെയും ഫോട്ടോ കാണിച്ചിരുന്നു. സാദൃശ്യം അവരും ശരിവെച്ചെങ്കിലും കൂടുതല്‍ വിവരങ്ങളോ ചിത്രങ്ങളോ ലഭിക്കത്താതിനാല്‍ മരിച്ചത് ഓമനയാണെന്ന് പൂര്‍ണമായും സ്ഥിരീകരിക്കാന്‍ ബന്ധുക്കള്‍ക്കോ പൊലീസിനോ സാധിച്ചിട്ടില്ല.
ഡിഎന്‍എ പരിശോധനയിലൂടെ മാത്രമെ മരിച്ചത് ഓമനയാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയു. പയ്യന്നൂരിലെ കരാറുകാരനായ മുരളീധരനാണ് 1996 ജൂലായ് ഒന്നിന് ഊട്ടിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ടത്. ലോഡ്ജില്‍ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ മുരളീധരനെ ശസ്ത്രക്രിയാ കത്തികൊണ്ട് വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ടാക്‌സി കാറില്‍ കയറ്റി വനത്തില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഡോ. ഓമന പിടിയിലാകുകയായിരുന്നു.
കൊലനടത്തുമ്പോള്‍ രക്തം പുറത്തുവരാതിരിക്കാനുള്ള മരുന്നും കുത്തിവെച്ചിരുന്നു. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച സ്യൂട്ട്‌കേസ് കണ്ടു സംശയംതോന്നിയ ടാക്‌സി ഡ്രൈവറാണ് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാര്‍ തടഞ്ഞ് ഇവരെ പോലീസിലേല്‍പ്പിക്കുകയായിരുന്നു.2001ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ ഡോ. ഓമന പിന്നീട് മലേഷ്യയിലേക്കു രക്ഷപ്പെട്ടെന്ന് പ്രചാരണമുണ്ടായെങ്കിലും ഇന്റര്‍പോളിനു പോലും കണ്ടെത്താനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല