1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2023

സ്വന്തം ലേഖകൻ: പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ രാജ്യത്തെ സജീവ ചര്‍ച്ചയായ ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പ്രതിപക്ഷ നിരയില്‍ തുടക്കത്തില്‍ തന്നെ ഭിന്നത. ഒരു വീട്ടില്‍ രണ്ട് നിയമം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവില്‍ കോഡ് വിഷയം തുറന്നുവിട്ടത്. പിന്നാലെ പ്രതിപക്ഷ നിരയില്‍ നിന്നും എതിര്‍പ്പുമായി പാര്‍ട്ടികള്‍ രംഗത്തെത്തി. ചര്‍ച്ചകള്‍ പുരോഗമിക്കവെ ആം ആദ്മി പാര്‍ട്ടിയാണ് വിഷയത്തില്‍ കേന്ദ്ര നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്ന വിധം പ്രതികരണവുമായി എത്തിയിരിക്കുന്നത്.

‘ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 രാജ്യത്ത് എകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടതിനെ കുറിച്ച് പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ യുസിസി നിലപാടുകളെ തത്വത്തില്‍ എഎപി പിന്തുണയ്ക്കുകയാണ്. എന്നാല്‍ സുപ്രധാനമായ ഒരു നടപടി ആയതിനാല്‍ തന്നെ മതങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും വിപുലമായ കൂടിയാലോചന നടത്തുകയും സമവായം ഉണ്ടാക്കുകയും വേണം’ – എന്നാണ് എഎപി നിലപാട് എന്ന് പാര്‍ട്ടി നേതാവ് സന്ദീപ് പഥക് പറയുന്നു.

അതേസമയം, ഏകീകൃത സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്നാണ് മുസ്ലിം ലീഗ് നിലപാട്. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. വിഷയം ചര്‍ച്ച ചെയ്യാന്‍ മലപ്പുറത്ത് ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് പാര്‍ട്ടി നേതാക്കള്‍ നിലപാട് പ്രഖ്യാപിച്ചത്. ഏക സിവില്‍ കോഡ് പ്രായോഗികമായി നടപ്പാക്കാന്‍ കഴിയില്ല, നടപ്പാക്കിയാല്‍ പ്രത്യാഘാതം വലുതായിരിക്കും.

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ജനാധിപത്യ വിരുദ്ധമാണ്. പ്രസ്താവനയില്‍ ദുരൂഹതയുണ്ട്. ബിജെപി ഇപ്പോള്‍ ചെയ്യുന്നത് തിരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്യുകയാണ്. പ്രതിപക്ഷഐക്യം പ്രധാനമന്ത്രിക്ക് അലോസരമുണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ് ഈ പ്രതികരണങ്ങളെന്നും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, ഡിഎംകെയും പാര്‍ട്ടി പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഏകീകൃത സിവില്‍ കോഡ് സംഘപരിവാര്‍ അജണ്ടയല്ലെങ്കില്‍ ഏകീകൃത സിവില്‍ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ് എന്നായിരുന്നു ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്റെ പ്രതികരണം. ഹിന്ദുക്കള്‍ക്കും ആ നിയമം ബാധകമാക്കണം. കൂടാതെ, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം എന്നീ വിവേചന മില്ലാതെ എല്ലാ ജാതിയില്‍ പെട്ടവരേയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണമെന്നും ടികെഎസ് ഇളങ്കോവന്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.