സ്വന്തം ലേഖകൻ: വിദേശ ഇന്ത്യക്കാരെ അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രവാസി സംഘടനകൾ. പൊതുതിരഞ്ഞെടുപ്പു മുന്നിൽ കണ്ട് കണ്ണിൽ പൊടിയിടുന്ന ബജറ്റ് ബിജെപി ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളെ പാടെ അവഗണിച്ചതായും കുറ്റപ്പെടുത്തി. വിവിധ സംഘടനാ പ്രതിനിധികളുടെ വിലയിരുത്തൽ.
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച യൂണിയന്‍ ബജറ്റില്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ തീര്‍ത്തും അവഗണിച്ചതില്‍ പ്രവാസി വെല്‍ഫെയര്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. 2022-ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി 8,17,915 കോടി രൂപ രാജ്യത്ത് കൊണ്ട് വന്ന ഇന്ത്യയിലെ പ്രവാസി സമൂഹത്തോടാണ് യൂണിയന്‍ ഗവണ്‍മെന്റിന്റെ ഈ കടുത്ത അവഗണന.
കേവലം അഞ്ചു കോടി രൂപ പ്രവാസി വനിതകള്‍ക്കായി നീക്കിവച്ചതൊഴിച്ചാല്‍ രാജ്യത്തെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള ഒരു പദ്ധതിയോ പരാമര്‍ശമോ ഇന്നത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തപ്പെടാതിരുന്നത് പ്രവാസി സമൂഹത്തോടുള്ള സര്‍ക്കാരുകളുടെ അവഗണനയുടെയും വഞ്ചനകളുടെയും നീതികേടിന്റെയും ഒടുവിലത്തെ ഉദാഹരണമാണെന്ന് പ്രവാസി വെല്‍ഫെയര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.
ബജറ്റിൽ പ്രവാസികളോട് തികഞ്ഞ അവഗണനയാണ് കാട്ടിയിട്ടുള്ളതെന്നും ബജറ്റ് നിരാശാജനകമാണെന്നും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് പ്രസ്താവനയിൽ പറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന ദീർഘകാലമായുള്ള ആവശ്യം ഇത്തവണയും ബജറ്റ് അവഗണിച്ചു. രാജ്യത്തിനകത്ത് തൊഴിൽ നൽകുന്നതിനാവശ്യമായ പദ്ധതികളൊന്നുമില്ലാതെ പൊതുമേഖലാ സ്ഥാപനങ്ങളെയാകെ സ്വകാര്യവത്കരിച്ചുകൊണ്ട് പുതിയ തൊഴിലന്വേഷകരെയുൾപ്പടെ ബജറ്റ് അവഗണിച്ചിരിക്കുകയാണ്.
കേരളത്തോടുള്ള സമീപനത്തിൽ മുൻ കാലങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച അതേ അവഗണന ഈ ബജറ്റിലും തുടരുന്നതിനൊപ്പം സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചും, കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താതെയും, റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഇല്ലാതെയും സംസ്ഥാനം ആവശ്യപ്പെട്ട പദ്ധതികളോട് നിഷേധാത്മക സമീപനം സ്വീകരിച്ചുകൊണ്ട് നവകേരള നിർമാണത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ തടയുന്ന നടപടികളാണ് ബജറ്റിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് കെ കെ ശൈമേഷും ജനറൽ സെക്രട്ടറി രജീഷ് സിയും പത്രക്കുറിപ്പിൽ അറിയിച്ചു.
യാഥാർഥ്യ ബോധമില്ലാത്ത ബജറ്റ്. പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ധനമന്ത്രി ശ്രമിച്ചിരിക്കുന്നത്. വിലക്കയറ്റം തടയാനോ വിപണിയിൽ ഇടപെടാനോ തയ്യാറാവാത്ത, ദീർഘവീക്ഷണമില്ലാത്ത ബജറ്റാണിത്. ആദായ നികുതി ഇളവ് സാധാരണക്കാർക്ക് ഗുണകരമാണെങ്കിലും തിരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടിയാണെന്നു മനസ്സിലാക്കാമെന്നും ഇൻകാസ് യുഎഇ. പ്രസിഡൻ്റ് എൻ.പി രാമചന്ദ്രൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല