സ്വന്തം ലേഖകൻ: ടെലിവിഷന്‍ പാനലുകള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. ടെലിവിഷന്‍ പാനലുകളുടെ തീരുവ 2.5 ശതമാനമാണ് കുറയുക.
സിഗരറ്റ്, സ്വര്‍ണ്ണം, വെള്ളി, വജ്രം, വസ്ത്രം എന്നിവയുടെ വിലകൂടും. കോംപൗണ്ടിങ് റബറിന്റെ തീരുവ കൂട്ടി.
മൊബൈല്‍ നിര്‍മാണ സാമഗ്രികളുടെ തീരുവ കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാവും. ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തീരുവ കുറച്ചു. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയണ്‍ ബാറ്ററി എന്നിവയുടെ വില കുറയും.
വികസനം ,യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ തുടങ്ങി കേന്ദ്ര ബജറ്റിന് ഏഴ് മുന്‍ഗണനാ വിഷയങ്ങളുണ്ടെന്നും ധനമന്ത്രി മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വെ വികസനത്തിനായി 2.40 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംത്തില്‍ പറഞ്ഞു. 2013 – 14 കാലത്തേക്കാള്‍ 9 ഇരട്ടി തുകയില്‍ കൂടുതലാണിത്. എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് കൂടി പലിശരഹിത വായ്പ അനുവദിക്കുമെന്നും ഇതിന് 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
തന്റെ അഞ്ചാമത് ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പു കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി പങ്കെടുത്തു. രാഷ്ട്രപതി ഭവനില്‍ എത്തിയ ധനമന്ത്രി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചു.
ബജറ്റില്‍ 2024 സാമ്പത്തിക വര്‍ഷത്തേക്ക് പുതിയ നികുതി സ്ലാബുകള്‍ പ്രഖ്യാപിക്കുമോ എന്ന് എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ആദായനികുതി സ്ലാബുകളില്‍ മാറ്റമൊന്നും പ്രഖ്യാപിച്ചിരുന്നില്ല. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ നിലവിലെ സ്ലാബും സാധാരണ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി നിരക്കുകളും മാറ്റമില്ലാതെ തുടരുന്നതിനാല്‍ ശമ്പളക്കാരായ വിഭാഗം ഇപ്പോള്‍ ആദായനികുതി ഇളവിനായി കാത്തിരിക്കുകയാണ്.
അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെപ്പോലെ, 2023-24 ലെ കേന്ദ്ര ബജറ്റും പേപ്പര്‍ രഹിത രൂപത്തില്‍ അവതരിപ്പിക്കുമെന്നാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ബജറ്റ് അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇന്ത്യയിലേക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു. അസ്ഥിരമായ ആഗോള സാമ്പത്തിക സാഹചര്യത്തിനിടയില്‍ ബജറ്റ് രാജ്യത്തെ സാധാരണക്കാരന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ ശ്രമിക്കുമെന്ന് മാത്രമല്ല, ലോകം കാണുന്ന പ്രതീക്ഷയുടെ കിരണങ്ങള്‍ കൂടുതല്‍ തിളക്കത്തോടെ കാണണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 6.5 ശതമാനമായി കുറയുമെന്ന് പ്രവചിച്ചിരുന്നു, എന്നാല്‍, ലോകം അഭിമുഖീകരിച്ച അസാധാരണമായ വെല്ലുവിളികളെ നേരിടുന്നതില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുമെന്നും സര്‍വേ പറയുന്നു.
2022-23 സാമ്പത്തിക സര്‍വേ, രാജ്യത്തിന്‍ മേലുള്ള ആഗോള ശുഭാപ്തിവിശ്വാസം ഉള്‍പ്പെടെ ഇന്ത്യയുടെ വളര്‍ച്ചാ പാതയുടെ സമഗ്രമായ വിശകലനം സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘നമ്മുടെ രാജ്യത്തോടുള്ള ആഗോള ശുഭാപ്തിവിശ്വാസം, അടിസ്ഥാന സൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, കൃഷി, വ്യവസായം, ഭാവി മേഖലകളില്‍ ഊന്നല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വളര്‍ച്ചാ പാതയുടെ സമഗ്രമായ വിശകലനമാണ് സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നത്,’ മോദി ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല