സ്വന്തം ലേഖകൻ: പുതിയ നികുതി ഘടനയില്‍ ചേരുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവില്‍ പുതിയ സ്‌കീമിലുള്ളവര്‍ ഏഴ് ലക്ഷം വരെ നികുതി നല്‍കേണ്ടതില്ല. നിലവില്‍ ഇത് അഞ്ച് ലക്ഷം വരെയായിരുന്നു. എന്നാല്‍ പഴയ സ്‌കീമില്‍ തുടരുന്ന ആദായ നികുതിദായകര്‍ക്ക് നിലവിലെ സ്ലാബ് തന്നെ തുടരും. അവര്‍ക്ക് ഇളവുണ്ടാവില്ല.
പുതിയ സ്‌കീമിന്റെ ഭാഗമായവരുടെ ആദായ നികുതി സ്ലാബ് ഇപ്രകാരമായിരിക്കും 3 ലക്ഷം വരെ നികുതിയില്ല. മൂന്നു ലക്ഷം മുതല്‍ ആറ് ലക്ഷം വരെ അഞ്ച് ശതമാനം. ആറ് ലക്ഷം മുതല്‍ 9 ലക്ഷം വരെ 10 ശതമാനം. 9 ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനം, 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം എന്നിങ്ങനെയാണ് സ്ലാബ്.
അഞ്ച് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമായി റിബേറ്റ് പരിധി ഉയര്‍ത്തിയതിനാല്‍ ഫലത്തില്‍ ഏഴ് ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പുതിയ സ്‌കീം അനുസരിച്ച് നികുതി നല്‍കേണ്ടതില്ല.
ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണത്തിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ച ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മോദി പറഞ്ഞു. വികസിത ഇന്ത്യയെ നിര്‍മിക്കാനുള്ള ശക്തമായ ഒരു ശിലപാകലാണിത്. പാവപ്പെട്ടവര്‍, ഇടത്തരക്കാര്‍, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത കരകൗശല തൊഴിലാളികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും ആദ്യമായി പ്രത്യേക പാക്കേജ് കൊണ്ടുവന്നു എന്നതും ഈ ബജറ്റിന്റെ പ്രത്യേകതയാണ്. ഇടത്തരക്കാരുടെ ശാക്തീകരണത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്താനും നിരവധി പദ്ധതികള്‍ ബജറ്റില്‍ കൊണ്ടുവന്നിട്ടുണ്ട്. നികുതി കുറയ്ക്കുകയും അതിനനുസരിച്ച് ഇളവുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഗ്രാമ – നഗര പ്രദേശങ്ങളിലുള്ള സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള നിരവധി പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ സ്വയംസഹായ സംഘങ്ങള്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തും. വീട്ടമ്മമാരെ ശാക്തീകരിക്കുന്നതിനായി പ്രത്യേക സമ്പാദ്യപദ്ധതി ആരംഭിക്കുമെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ പണമിടപാട് കാര്‍ഷിക രംഗത്തും കൊണ്ടുവരുമെന്നും അതിനുള്ള പദ്ധതി ബജറ്റിലുണ്ടെന്നും മോദി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല