റയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റയില്‍വേ ബജറ്റില്‍ സമഗ്രമായ വികസനത്തിനും ദീര്‍ഘകാല ആസൂത്രണത്തിനും ഊന്നല്‍. ഇത്തവണ യാത്രക്കൂലിയില്‍ വര്‍ധനയില്ല. പകരം ചരക്കു കൂലിയില്‍ വര്‍ധന വരുത്തി.
എന്നാല്‍ ബജറ്റില്‍ പുതിയ ട്രെയിനുകള്‍, പാതകള്‍, നിലവിലുള്ള ട്രെയിനുകളുടെ നീളം കൂട്ടല്‍ എന്നിവയുടെ പ്രഖ്യാപനങ്ങളില്ല. ഇവ അടുത്ത ബജറ്റ് സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുമെന്നതിനാല്‍ ചരക്കുകൂലി വര്‍ധന കേരളത്തെ പ്രതികൂലമായി ബാധിക്കും. ചരക്കുകൂലി വര്‍ധന ബജറ്റില്‍ പ്രഖ്യാപിക്കാതെ കൂടുതല്‍ കൂലി നല്‍കേണ്ട ചരക്കുകളുടെ പട്ടിക പുറത്തിറക്കുകയായിരുന്നു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി റയില്‍വേയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുതകുന്ന നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ട്രെയിനുകളും സ്റ്റേഷനുകളും ടോയ്‌ലറ്റുകളും കൂടുതല്‍ വൃത്തിയുള്ളതാക്കും. ഒപ്പം യാത്രാ സൗകര്യങ്ങളും മെച്ചപ്പെട്ടതാക്കും.
റിസര്‍വേഷനില്ലാത്ത ടിക്കറ്റ് അഞ്ചു മിനിട്ടിനകം ലഭ്യമാക്കുക, ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതി ഹെല്‍പ്‌ലൈന്‍, പ്രധാന സ്റ്റേഷനുകളില്‍ വൈഫൈ, ഭക്ഷണവും കിടക്കവിരികളും മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സൗകര്യം എന്നിങ്ങനെ റയില്‍വേയെ പുതിയ കാലത്തേക്ക് നയിക്കാന്‍ ലക്ഷ്യമിടുന്ന നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് ബജറ്റ്.
ഇനി മുതല്‍ യാത്രാ തീയതിക്ക് 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം. നിലവില്‍ ഇത് 60 ദിവസമാണ്. ജനറല്‍ കമ്പാര്‍ട്ട്‌മെറ്റുകളില്‍ മൊബൈല്‍ ചാര്‍ജിങ്ങ് സൗകര്യം, ട്രെയിനുകളുടെ പുറപ്പെടല്‍, എത്തിച്ചേരല്‍ സമയം എന്നിവ അറിയിക്കാന്‍ എസ്എംഎസ്, തെരെഞ്ഞെടുത്ത ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ ബോര്‍ഡ് എന്റര്‍ടെയ്‌ന്മെന്റ് എന്നിവയും പുതിയ ബജറ്റിന്റെ പ്രത്യേകതകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല