ബിനു ജോസ്
മുബൈയിലെ നഴ്സുമാരുടെ സമരം സംബന്ധിച്ച് ഈ അടുത്ത ദിവസം നഴ്സായ ഒരു സുഹൃത്തിനോട് സംസാരിക്കുവാന്‍ ഇടയായി.ഈ സമരത്തിന് ഭൂരിപക്ഷം നഴ്സുമാരായ യു കെ മലയാളികള്‍ നല്‍കേണ്ട ധാര്‍മിക പിന്തുണയായിരുന്നു ചര്‍ച്ചാ വിഷയം.ഇതൊന്നും എന്നെ ബാധിക്കില്ലെന്ന തരത്തിലുള്ള അദ്ദേഹത്തിന്‍റെ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി.ഒന്നു രണ്ടു ദിവസം കഴിയുമ്പോള്‍ സമരം ചെയ്യുന്നവരുടെ മാതാപിതാക്കള്‍ ഇടപെടുമെന്നും നാണം കെടേണ്ട എന്ന് പറഞ്ഞ് ജോലി മതിയാക്കി തിരികെ നാട്ടിലേക്ക് പോരാന്‍ കുട്ടികളോട് പറയുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.സമരം വിജയിക്കില്ലെന്നും ഉള്ള ജോലി പോകുമെന്നല്ലാതെ വേറെ പ്രയോജനമില്ലെന്നുമായിരുന്നു വളരെ നിസംഗമായ അദ്ദേഹത്തിന്‍റെ മറുപടി.
പഠിക്കാന്‍ അത്ര സമര്‍ത്ഥനല്ലാത്ത ,വലിയ വിദ്യാഭ്യാസ യോഗ്യതയോന്നുമില്ലാത്ത,പത്താം ക്ലാസ് കഷ്ട്ടി പാസായി പാരലല്‍ കോളേജില്‍ പ്രീഡിഗ്രി പഠിച്ച് ആന്ധ്രയിലെ ഏതോ സ്കൂളില്‍ നഴ്സിംഗ് പഠിച്ച് കാര്‍ന്നോന്‍മാരുടെ നേരുകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും യു കെയില്‍ എത്തിയതാണ് മേല്‍പ്പറഞ്ഞ കക്ഷി.ഇപ്പോള്‍ മാസം രണ്ടായിരം പൌണ്ടിന് മുകളില്‍ ശമ്പളവും നാലു ബെഡ്‌റൂം ഒറ്റ വീടും സ്വന്തമായി 4 x4 ബെന്‍സ് കാറും ഉണ്ട് കക്ഷിക്ക്.നാട്ടില്‍ ആയിരുന്നുവെങ്കില്‍ സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാത്ത ഈ സൌഭാഗ്യങ്ങള്‍ തന്ന തൊഴിലിനെയും സഹജീവികളെയും തള്ളിപ്പറഞ്ഞ എന്‍റെ സുഹൃത്തിന്‍റെ നിലപാട് എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തി.എന്‍റെ കാര്യം രക്ഷപെട്ടു,മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും എനിക്ക് ബാധകമല്ല എന്ന തികച്ചും സ്വാര്‍ഥമായ നിലപാട്.
യു കെ മലയാളികല്‍ക്കിടയിലെ നഴ്സുമാരില്‍ ഭൂരിപക്ഷവും മേല്‍പ്പറഞ്ഞ സുഹൃത്തിന്‍റെ വഴിയില്‍ തന്നെയായിരിക്കും ഇവിടെ എത്തിയത്.മാര്‍ക്ക് കുറവായതിനാല്‍ മറ്റൊരു കോഴ്സിനും അഡ്മിഷന്‍ ലഭിക്കാത്തതിനാലോ അല്ലെങ്കില്‍ നഴ്സിംഗ് പഠിക്കാനുള്ള പണച്ചിലവ് ഇതര കോഴ്സുകളെ അപേക്ഷിച്ച് കുറവായതു കൊണ്ടോ ഒക്കെ ആയിരിക്കാം നാമൊക്കെ ഈ കോഴ്സിന് ചേര്‍ന്നത്.ദൈവ സഹായത്താല്‍ പഠിച്ചിറങ്ങിയ സമയത്ത് വിദേശ ജോലികള്‍ കിട്ടാന്‍
എളുപ്പമായിരുന്നതുകൊണ്ട് വലിയ പണമൊന്നും മുടക്കാതെ ഇവിടെ എത്താന്‍ സാധിച്ചു.ഇന്ന് ചെയ്യുന്ന തൊഴിലിന് സാമൂഹികമായും സാമ്പത്തികമായും അംഗീകാരം ലഭിച്ചുകൊണ്ട് നല്ല രീതിയില്‍ ജീവിക്കാന്‍ സാധിക്കുന്നു.
എന്നാല്‍ നാട്ടില്‍ ഇപ്പോഴത്തെ സ്ഥിതി തികച്ചും വ്യത്യസ്ഥമാണ്.നഴ്സിംഗ് ജോലിയിലെ വിദേശ കുടിയേറ്റം സ്വപ്നം കണ്ട് നിരവധി അതി സമര്‍ത്ഥരായ കുട്ടികളാണ് ഈ കോഴ്സിന് ചേരുന്നത്.അതും ലക്ഷങ്ങള്‍ പ്രവേശന ഫീസും വാര്‍ഷിക ഫീസും കൊടുത്ത്.പഴയ കാല പ്രവണതയ്ക്ക് വിരുദ്ധമായി നിരവധി ആണ്‍കുട്ടികളും ഈ പ്രൊഫഷന്‍ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നുണ്ട്.എത്ര കഷ്ട്ടപ്പാടുകള്‍ സഹിച്ചും എങ്ങിനെയും ഒരു വിദേശ ജോലി എന്നതു തന്നെയാണ് ഇവരുടെയൊക്കെ ആത്യന്തിക ലക്ഷ്യം.
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ,നഴ്സിംഗ് എന്ന ജോലിയോട് നമ്മുടെ നാട്ടിലെ ആളുകള്‍ക്കുള്ള മനോഭാവം ഇപ്പോഴും പഴയതുപോലെ തന്നെ തുടരുകയാണ്.കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ നഴ്സിംഗ് ജോലിക്ക് അര്‍ഹിക്കുന്ന മാന്യത ലഭിക്കുന്നില്ല.ശരിയായ ശമ്പളമോ,മറ്റാനുകൂല്യങ്ങളോ,ജോലി സാഹചര്യങ്ങളോ നഴ്സിംഗ് എന്ന പ്രൊഫഷന് ഇപ്പോഴും അന്യമാണ്.ഇപ്പോഴും രണ്ടാം കിട ജോലിക്കാരായാണ് നഴ്സുമാരെ കാണുന്നത്.ഒരു പഠിത്തവും പരിചയവുമില്ലാത്ത ഹോം നഴ്സുമാര്‍ക്ക് എണ്ണായിരം രൂപ വരെ ശമ്പളം കിട്ടുമ്പോള്‍,തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ നിരവധിയാണ്.
ഈ വ്യവസ്ഥിതി മാറണം.മറ്റേതൊരു തൊഴിലിനെപ്പോലെ നഴ്സിങ്ങിനും അംഗീകാരം കിട്ടണം.മാന്യമായ ശമ്പളവും ജോലി സാഹചര്യങ്ങളും ലഭിക്കണം.സംഘടിതര്‍ അല്ലാത്തതിനാല്‍ നഴ്സുമാര്‍ ഇനിയും ചൂഷണം ചെയ്യപ്പെടാന്‍ പാടില്ല.
പണ്ട് കാലത്ത് നമ്മുടെ നാട്ടില്‍ ആശുപത്രി എന്നാല്‍ ഒരു പരിധി വരെയെങ്കിലും സേവനം ആയിരുന്നുവെങ്കില്‍ ഇന്നത് കോടികള്‍ വരുമാനമുള്ള വന്‍ ബിസിനസാണ്.സ്വാഭാവികമായും ഈ ലാഭം നഴ്സിംഗ് ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യത്തിലും പ്രതിഫലിക്കപ്പെടണം.ഇനിയും അടിമകളായി നഴ്സുമാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാന്‍ അനുവദിച്ചു കൂടാ.വിദേശ ജോലികള്‍ ഭാവിയില്‍ കുറയുമെന്നതിനാല്‍ ഇന്ത്യയില്‍ തന്നെ മറ്റേതൊരു തൊഴിലും പോലെ നഴ്സിങ്ങിനും മാന്യമായ ശമ്പളം ലഭിക്കണം.
ഇതിനെല്ലാം വേണ്ടത് ശക്തമായ ഒരു ജന മുന്നേറ്റമാണ്.സംഘാടക ശക്തി നഴ്സുമാര്‍ക്കും ഉണ്ടാവണം.അതിനു നേതൃത്വം കൊടുക്കാന്‍ രാഷ്ട്രീയ സാമൂഹിക നേതൃത്വം തയ്യാറാവണം.ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാര്യങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടാകില്ല.ഈ സഹന സമരത്തിന് എല്ലാ ധാര്‍മിക പിന്തുണയും നമ്മള്‍ യു കെ മലയാളികള്‍ നല്‍കണം.നഴ്സിംഗ് എന്ന ജോലിക്ക് ഇവിടുത്തെ സമൂഹം നല്‍കുന്ന അംഗീകാരം നാട്ടിലെ നമ്മുടെ സഹജീവികള്‍ക്കും ലഭിക്കണം.ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടില്‍ തിരിഞ്ഞു നില്‍ക്കരുത്.നമ്മുടെ സഹോദരങ്ങളുടെ കണ്ണീര്‍ കാണാതിരിക്കാന്‍ നമുക്കാവുമോ ?ഈ മുന്നേറ്റത്തെ പിന്തുണയ്ക്കേണ്ടത് നമ്മുടെ ചിരിത്രപരമായ ഉത്തരവാദിത്വമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല