സ്വന്തം ലേഖകന്‍: ബുക്ക് ചെയ്ത സീറ്റുകള്‍ വിട്ടുനല്‍കുന്ന യാത്രക്കാര്‍ക്ക് 10,000 ഡോളര്‍ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനി. യുനൈറ്റഡ് എയര്‍ലൈന്‍സാണ്‍` വിമാനത്തില്‍ ലഭ്യമായതിനേക്കാള്‍ അധികം ബുക്ക് ചെയ്ത സീറ്റുകള്‍ വിട്ടുനല്‍കുന്ന യാത്രക്കാര്‍ക്ക് 10,000 ഡോളര്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. വിമാനത്തില്‍ സീറ്റുകള്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് യാത്രക്കാരനെ വലിച്ചിഴച്ച് പുറത്താക്കിയ സംഭവം വന്‍ വിവാദമായതിനു തൊട്ടു പിന്നാലെയാണ് കമ്പനിയുടെ പുതിയ നീക്കം.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കമ്പനി തുടര്‍ന്ന് നടത്തിയ അവലോകനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. 10,000 ഡോളര്‍ നഷ്ടപരിഹാരത്തിനു പുറമെ മറ്റു നിരവധി നടപടികളും എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായല്ലാതെ വിമാനത്തില്‍നിന്ന് യാത്രക്കാരെ ഉദ്യോഗസ്ഥര്‍ പുറത്താക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. സീറ്റ് ലഭിച്ച യാത്രക്കാരോട് സ്വമേധയാ അല്ലാെത പുറത്തുപോകാന്‍ ആവശ്യപ്പെടില്ല.
അതുപോലെ വിമാനം എടുക്കുന്നതിന് 60 മിനിറ്റ് മുമ്പ് ജീവനക്കാര്‍ സീറ്റ് ബുക്ക് ചെയ്തിരിക്കണം. സംഘര്‍ഷ സാഹചര്യങ്ങളെ നേരിടുന്നതിന് ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ പരിശീലനം നല്‍കും എന്നിവയാണ് മറ്റു നടപടികള്‍. ജീവനക്കാര്‍ക്ക് സീറ്റൊഴിവില്ല എന്ന കാരണത്താല്‍ ഷികാഗോയില്‍ നിന്നു ലൂയിസ്‌വില്ലയിലേക്കുള്ള വിമാനത്തില്‍നിന്ന് 69കാരനായ ഡോ. ഡേവിഡ് ദാവുവിശനെയാണ് വലിച്ച് പുറത്തിട്ടത്.
സംഭവത്തില്‍ അദ്ദേഹത്തിന്റെ മുന്‍വരിയിലെ രണ്ടു പല്ലുകള്‍ പൊട്ടുകയും മൂക്കിന് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. വിമാന ജീവനക്കാര്‍ ഡേവിഡിനെ കൈകാര്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ കമ്പനിയ്ക്കും സംഭവം വന്‍ നാണക്കേടായി. നേരത്തെ ലെഗിന്‍സ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് യാത്ര നിഷേധിച്ചും യുനൈറ്റഡ് എയര്‍ലൈന്‍സ് വിവാദത്തില്‍പ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല