സ്വന്തം ലേഖകന്‍: ശാന്ത സമുദ്രത്തിനു മുകളില്‍ പറക്കുന്നതിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന് എഞ്ചിന്‍ തകരാര്‍; 373 യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. സാന്‍ഫ്രാന്‍സിസ്‌കോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ബോയിങ് 777 വിമാനമാണ് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നു യുഎസിലെ ഹോണോലുലു വിമാനത്താവളത്തില്‍ ഇറക്കിയത്.
യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തിലെ എന്‍ജിനുകളില്‍ ഒന്നിനാണു തകരാറുണ്ടായത്. 373 യാത്രക്കാരുണ്ടായിരുന്ന വിമാനം അടിയന്തരമായി ഇറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒരു യന്ത്രം ഉപയോഗിച്ചു വെള്ളത്തിനു മുകളിലൂടെ മൂന്നു മണിക്കൂര്‍ പറക്കാന്‍ സാധിക്കുന്ന വിധത്തിലാണു രൂപകല്‍പനയെന്നും ഇതാണ് അപകടം ഒഴിവാക്കിയതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ലൈന്‍സ് അറിയിച്ചു.
വലതുഭാഗത്തെ എന്‍ജിന്റെ പുറംമൂടി നഷ്ടപ്പെട്ടിട്ടും വിമാനം പറക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. 363 യാത്രക്കാരും 10 ജീവനക്കാരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. എന്‍ജിന്റെ മേല്‍മൂടി പറന്നുപോയപ്പോള്‍ വിമാനം ശക്തമായി ഉലഞ്ഞതായി യാത്രക്കാര്‍ പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല