സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയുടെ മോചനം സംബന്ധിച്ച പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ചൈന ഇന്ത്യയെ കൈവിട്ടു. ലഖ്‌വിയെ മോചിപ്പിച്ചതിന് പാകിസ്താനെതിരെ ഐക്യരാഷ്ട്ര സഭയെക്കൊണ്ട് നടപടിയെടുപ്പിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനാണ് ചൈന തടയിട്ടത്.
ലഷ്‌കര്‍ഇതൊയ്ബ കമാന്‍ഡറായ ലഖ്‌വിയെ മോചിപ്പിച്ചതിന് പാകിസ്താനോടു വിശദീകരണം തേടണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ യു.എന്‍. ഉപരോധ സമിതിയെ സമീപിച്ചത്. തുടര്‍ന്ന് ഇന്ത്യയുടെ ആവശ്യപ്രകാരം ചേര്‍ന്ന സമിതിയോഗത്തിലാണ് ചൈന എതിര്‍പ്പ് അറിയിക്കുകയായിരുന്നു. മുംബൈ ആക്രമണം സംബന്ധിച്ച് ഇന്ത്യ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് ചൈനയുടെ വാദം.
ലഖ്‌വിയുടെ മോചനം യു.എന്‍. സുരക്ഷാ സമിതി പ്രമേയത്തിനെതിരാണെന്നാണ് ഇന്ത്യയുടെ വാദം. ഇന്ത്യയുടെ പ്രതിനിധി അശോക് മുഖര്‍ജി ഉപരോധ സമിതി അധ്യക്ഷന്‍ ജിം മക്ലെക്കു നല്‍കിയ പരാതിയില്‍ ഇത് വ്യക്തമാക്കിയിട്ടുമുണ്ട്. മുമ്പും യു.എന്നില്‍ സമാന സംഭവങ്ങളില്‍ പാകിസ്താന്‍ ചൈനയുടെ സഹായം തേടിയിരുന്നു. അഞ്ച് സ്ഥിരാംഗങ്ങളും 10 താത്കാലികാംഗങ്ങളുമടങ്ങുന്നതാണ് ഉപരോധസമിതി.
കൂടുതല്‍കാലം തടവില്‍ വക്കാനാവശ്യമായ തെളിവുകളില്ലാത്തതിനാല്‍ ഉടന്‍ വിട്ടയക്കണമെന്ന ലാഹോര്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഏപ്രിലില്‍ ലഖ്‌വിയെ വിട്ടയച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല