സ്വന്തം ലേഖകന്‍: വിമാനത്തില്‍ പറക്കാനെത്തിയ മയിലിന് ടിക്കറ്റ് നിഷേധിച്ച് യുഎസിലെ യുണൈറ്റഡ് എയര്‍ലൈന്‍സ്; മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വിശദീകരണം. കഴിഞ്ഞ ദിവസമാണ് ന്യൂയോര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ രസകരമായ സംഭവമുണ്ടായത്. ന്യൂയോര്‍ക്കിലെ ഫോട്ടോഗ്രാഫര്‍ വെന്റിക്കോയാണ് തന്റെ മയിലുമായി വിമാനത്തില്‍ പറക്കാന്‍ എത്തിയത്. പ്രത്യേകമായി ടിക്കറ്റുമെടുത്തിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന പേരില്‍ മയിലിന് വിമാന അധികൃതര്‍ യാത്ര നിഷേധിക്കുകയും ചെയ്തു.
ചില പ്രത്യേക സാഹചര്യങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഒരാള്‍ക്ക് വൈകാരിക പിന്തുണ നല്‍കുന്ന ചില വളര്‍ത്ത് മൃഗവുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. കഴിഞ്ഞ മാര്‍ച്ച് ഒന്നുമുതലാണ് ന്യൂയോര്‍ക്കില്‍ ഈ നിയമം നിലവില്‍ വന്നത്. എന്നാല്‍ ഇതിന്റെ ഭാരം, വലുപ്പം എന്നിവയെല്ലാം സംബന്ധിച്ച് പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. മാത്രമല്ല ഡോക്ടറുടെ പേപ്പറും ആവശ്യമുണ്ട്. ഇതൊന്നും പാലിക്കാത്തത് കൊണ്ടാണ് യാത്ര നിഷേധിച്ചതെന്നാണ് വിമാന അധികൃതര്‍ പറയുന്നത്. ജനുവരി 19ന് ആണ് സംഭവം നടന്നത്.
യാത്രക്കാരന്‍ മയിലുമായി വിമാനത്തിലെത്തുന്നതും ട്രോളിയില്‍ നില്‍ക്കുന്നതുമായ ചിത്രവും വീഡിയോയും വിമാന അധികൃതര്‍ തന്നെയാണ് പുറത്ത് വിട്ടത്. പരിശീലനം ലഭിക്കാത്ത മൃഗങ്ങള്‍ വിമാനത്തില്‍ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും വിമാന അധികൃതര്‍ ഇറക്കിയ വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല