നൂറ്റാണ്ടുകളായി മനുഷ്യനെ വലക്കുന്ന പത്ത് ചോദ്യങ്ങളില്‍ എറ്റവും മുന്നിലുളളത് പ്രപഞ്ചില്‍ നാം ഒറ്റക്കാണോ എന്നത്. അടുത്തിടെ നടന്ന സര്‍വ്വേയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അറിയേണ്ട രഹസ്യമായി ഈ ചോദ്യത്തെ തിരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം കാന്‍സര്‍ പൂര്‍ണ്ണമായും മാറാനുളള മരുന്ന് അടുത്തെങ്ങാനും കണ്ടുപിടിക്കുമോ എന്നതാണ്. മൂന്നാമത്തേതാകട്ടെ ദൈവം ഉണ്ടെന്ന കാര്യത്തിന് വല്ല തെളിവും ഉണ്ടോ എന്നതും. എന്നാല്‍ ഇത്തരം കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രമല്ല ആളുകള്‍ക്ക് ഉത്തരം അറിയേണ്ടത്. ഫ്രിഡ്ജ് അടക്കുമ്പോള്‍ അതിലെ ലൈറ്റ് അണയുമോ അതോ കത്തിക്കൊണ്ട് തന്നെ ഇരിക്കുമോ എന്നും ആളുകള്‍ക്ക് അറിയണം.
2000 ആളുകളില്‍ ഏദന്‍ ടിവി ചാനല്‍ നടത്തിയ സര്‍വ്വേയിലാണ് ഈ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്. പ്രപഞ്ചത്തിന്റെ വലിപ്പം എത്രയുണ്ട്, സമയത്തിനൊപ്പമുളള യാത്ര എന്നെങ്കിലും സാധിക്കുമോ? തുടങ്ങിയ ചോദ്യങ്ങളും മുന്‍പന്തിയിലെത്തി. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തിനുത്തരം തേടിയ ആളുകളും സര്‍വ്വേയില്‍ പങ്കെടുത്തു. ഏദന്‍ ടിവി ചാനലിന്റെ സയന്‍സ് മാസത്തോട് അനുബന്ധിച്ചാണ് സര്‍വ്വേ നടത്തിയത്. സയന്‍സില്‍ താല്‍പ്പര്യമുളള ആളുകളോടൊപ്പം സാധാരണക്കാരേയും പങ്കെടുപ്പിച്ചാണ് സര്‍വ്വേ നടത്തിയത്. ഏതാണ് 500 വര്‍ഷത്തോളം ഭൂമി പരന്നതാണന്നായിരുന്നു ആളുകള്‍ വിശ്വസിച്ചിരുന്നത്. ശാസ്ത്രത്തെ കുറിച്ചുളള നമ്മുടെ ധാരണകള്‍ അതിശയിപ്പിക്കുന്ന വേഗതയിലാണ് മാറുന്നത് എന്നുളളതാണ് ഇത്തരമൊരു സര്‍വ്വേ നടത്താന്‍ ചാനലിനെ പ്രേരിപ്പിച്ചത്. ഭൂരിഭാഗം ആളുകള്‍ക്കും ഉത്തരം വേണ്ടത് പ്രപഞ്ചത്തിലെ നമ്മുടെ സ്ഥാനത്തെ കുറിച്ച് തന്നെയാണ്. എന്നാല്‍ ഉത്തരം കിട്ടാത്ത മറ്റ് പല ചോദ്യങ്ങളും ശാസ്ത്രലോകത്തുണ്ടെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നു. ഇത്തരം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് ഏദന്‍ സയന്‍സ് മാസം ആചരിക്കുന്നതെന്ന് യുകെടിവിയുടെ ജനറല്‍ മാനേജര്‍ അഡ്രിയാന്‍ വില്‍സ് പറഞ്ഞു.
ഉത്തരം കണ്ടെത്തേണ്ട പത്ത് ചോദ്യങ്ങള്‍
1 പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റക്കാണോ?
നമ്മുടേത് പോലെ ഒരു പാട് ഗ്രഹസമൂഹങ്ങള്‍ ചേര്‍ന്നതാണ് ഈ പ്രപഞ്ചം. ഇതില്‍ പലതിലും ഭൂമിയെപ്പോലെ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ലക്ഷക്കണക്കിന് പ്രകാശ വര്‍ഷങ്ങള്‍ അകലെയുളള ഇത്തരം ഗ്രഹങ്ങളിലേക്ക് എത്തിച്ചേരാനുളള യാതൊരു സാങ്കേതിക വിദ്യയും ഇതേവരെ കണ്ടെത്തിയിട്ടില്ല.
2. ക്യാന്‍സര്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താനുളള മരുന്ന് എന്നെങ്കിലും കണ്ടെത്തുമോ?
വിവിധ തരത്തിലുളള കാന്‍സറുകളെ അതിജീവിക്കുന്ന ആളുകളുടെ എണ്ണം മുന്‍പത്തേക്കാള്‍ കൂടിയിട്ടുണ്ട്. ഒപ്പം പല പുതിയ ചികിത്സാ രീതികളും ഗവേഷണത്തിന്റെ പാതയിലാണ്. എന്നാല്‍ ഒരു മാജിക് സംഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ല. ഭാവിയില്‍ ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുന്ന മറ്റ് ചികിത്സാ രീതികള്‍ കണ്ടെത്തിയേക്കാം.
3. ദൈവം എന്നൊന്നുണ്ടോ?
ദൈവം എന്നൊന്നുണ്ട് എന്നതിന് ശാസ്ത്രപരമായി അളക്കാവുന്ന തെളിവുകളൊന്നും നിലനില്‍ക്കുന്നില്ല. ഇതിനെ കുറിച്ച് ശാസ്ത്രപരമായ ഗവേഷണങ്ങള്‍ നടന്നിട്ടില്ലെന്ന് വേണം കരുതാന്‍.
4. പ്രപഞ്ചം എത്ര വലുതാണ്?
പ്രപഞ്ചത്തിന് അതിരുകളില്ലന്നാണ് ചില ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായം. എന്നാല്‍ മറ്റ് ചിലര്‍ വിശ്വസിക്കുന്നത് ബിംഗ് ബാംഗ് തിയറയുടെ അടിസ്ഥനത്തില്‍ പ്രപഞ്ചം വളര്‍ന്നുകൊണ്ടിരിക്കുകയാണന്നും നിലവില്‍ അതിന 150 ബില്യണ്‍ പ്രകാശവര്‍ഷം ദൂരമുണ്ടെന്നുമാണ്.
5. ഭൂമിയില്‍ എന്നുമുതലാണ് ജീവനു്ണ്ടായത്? അത് എങ്ങനെയാണ് ഉണ്ടായത്?
ഇതിനേക്കുറിച്ച് ധാരാളം തിയറികളുണ്ട്. ഭൂവല്‍ക്കത്തില്‍ കൂടി വൈദ്യുതി പ്രവഹിച്ചപ്പോള്‍ ബാക്ടീരിയകള്‍ ഉണ്ടായെന്നും തുടര്‍ന്ന് പരിണാമത്തിലൂടെ ജീവജാലങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നുമാണ് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട ആശയം.
6. സമയത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാമോ?
സ്‌പേസ് ടൈമില്‍ വേംഹോള്‍സ് എന്നൊരു സങ്കല്‍പ്പമുണ്ട്. ഇത് അനുസരിച്ച് സൈദ്ധാന്തികമായി സമയത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാം. ഇതനിസരിച്ച് റിപ്പള്‍സീവ് ഗ്രാവിറ്റി അനുസരിച്ചാണ് വേംഹോള്‍സ് ഉണ്ടാകുന്നത്. ഇതിന് സ്ഥിരതയില്ല. വേംഹോള്‍സിന്റെ നിലനില്‍പ്പ് ഇതേ വരെ സ്ഥിരീകരിച്ചിട്ടുമില്ല.
7. ബഹിരാകാശത്ത് താമസം എന്നെങ്കിലും സാധ്യമാകുമോ?
ചിലപ്പോള്‍. നമ്മുടെസൗരയൂഥത്തിനുളളില്‍ തന്നെ ജീവന്‍ നിലനില്‍ക്കാനാവശ്യമായ സാഹചര്യങ്ങളുണ്ടോ എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ ഗൗരവമായി ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ്. ചന്ദ്രനിലോ മറ്റ് ഗ്രഹങ്ങളിലോ ഭൂമിക്ക് സമാനമായ അന്തരീക്ഷം ഉണ്ടോയെന്നറിയാനുളള നിരന്തരമായ ശ്രമത്തിലാണ് നാസ.
8. എണ്ണക്ക് പകരം വെയ്ക്കാന്‍ എന്തെങ്കിലും കണ്ടുപിടിക്കുമോ? എങ്കില്‍ എപ്പോള്‍?
എണ്ണക്ക് പകരം ഉപയോഗിക്കാവുന്ന മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉണ്ട്. എന്നാല്‍ അത് സാധാരണക്കാരനും ഉപയോഗിക്കാവുന്ന തരത്തിലേക്ക് വില കുറച്ച് നിര്‍മ്മിക്കാനുളള ഗവേഷണ്ത്തിലാണ് ശാസ്ത്രജ്ഞര്‍. ഒപ്പം എണ്ണയുടെ വര്‍ദ്ധിച്ച് വരുന്ന ആവശ്യത്തെ പുതിയ ഇന്ധനം സാധൂകരിക്കണം. പുതിയ നാനോടെക്‌നോളജി സാങ്കേതികവിദ്യ ഇതിന് പരിഹാരമാകും എന്ന വിശ്വാസത്തിലാണ് ശാസ്ത്രസമൂഹം.
9. പ്രപഞ്ചം എന്ന് അവസാനിക്കും?
സിദ്ധാന്തങ്ങള്‍ അനുസരിച്ച് പ്രപഞ്ചം വികസിക്കുന്നത് അവസാനിക്കുമ്പോള്‍ അത് തന്നെ പൊട്ടിത്തെറിക്കും. അതായത് പ്രപഞ്ചത്തിന്റെ വികാസം പൂജ്യത്തിലെത്തുമ്പോള്‍ അത് തമോഗര്‍ത്തമായി രൂപാന്തരം പ്രാപിക്കുകയും പതിയെ ഗുരുത്വാകര്‍ഷണ ബലത്തെ അതിജീവിക്കുകയും ചെയ്യുന്നതോടെ പ്രപഞ്ചം അവസാനിക്കുമെന്നാണ് കരുതുന്നത്.
10. മനുഷ്യന്‍ ജീവന്‍ എത്രകാലം വരെ നീട്ടാനാകും?
മനുഷ്യന്റെ ജീവിത കാലം നീട്ടാനുളള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എലികളില്‍ നടത്തിയ പരീക്ഷണം അനുസരിച്ച് അടുത്ത് തന്നെ മനുഷ്യന്റെ ജീവിത ദൈര്‍ഘ്യം 100 വര്‍ഷത്തിലധികമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല