സ്വന്തം ലേഖകന്‍: അപൂര്‍വ രോഗം ബാധിച്ച ആറു മക്കളെ ദയാവധം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് കോടതിയില്‍. ഉത്തര്‍ പ്രദേശിലെ ആഗ്ര സ്വദേശിയായ മുഹമ്മദ് നസീര്‍ എന്ന 42 കാരനാണ് മക്കളുടെ ദയനീയ അവസ്ഥ വിവരിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും ആഗ്ര ജില്ലാ മജിസ്‌ട്രേറ്റിനും കത്തയച്ചത്. ദിവസം 250 രൂപ കൂലിക്ക് ഒരു ഹല്‍വ കടയില്‍ ജോലി ചെയ്യുന്ന തനിക്കും ഭാര്യ 36 കാരിയായ തബസ്സുമിനും പരിചരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല മക്കളെന്ന് അപേക്ഷയില്‍ പറയുന്നു.
1995 ലാണ് നസീര്‍ ബന്ധുവായ തബസ്സുമിനെ വിവാഹം ചെയ്തത്. മൂത്ത മകന്‍ ഖുബേബ് ഏഴാം ക്ലാസ് വരെ സ്‌കൂളില്‍ പോയി. ഇപ്പോള്‍ പിതാവിനെ കടയില്‍ സഹായിക്കുകയാണ്. രണ്ടാമത്തെ മകന്‍ സുലേം പിറന്നത് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പ്രസവം ബുദ്ധിമുട്ടാവുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സുലേം പിറന്നത് ആരോഗ്യവാനായിട്ടായിരുന്നു. സ്‌കൂളില്‍ പോവാന്‍ തുടങ്ങിയ ശേഷം ഒരു ദിവസം സുലേം കുഴഞ്ഞു വീണു. പിന്നെ എണീക്കാന്‍ കഴിഞ്ഞില്ല.
ദില്ലിയിലെ എയിംസില്‍ ചെന്നപ്പോള്‍ രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹമാണ് രോഗകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ തന്റെ ബന്ധുക്കളെല്ലാം ഇങ്ങനെ തന്നെയാണ് വിവാഹം കഴിച്ചതെന്നും അവരുടെ മക്കള്‍ക്കാര്‍ക്കും പ്രശ്‌നങ്ങളില്ലെന്നും നസീറും ഭാര്യയും പറയുന്നു. വീണ്ടും ഉണ്ടായ മക്കളെല്ലാവരും ആരോഗ്യമുള്ളവരായിരുന്നെങ്കിലും നാലഞ്ച് വയസ്സാവുമ്പോള്‍ അവര്‍ക്കെല്ലാം അതേ അസുഖം വന്നു.
എട്ടു മക്കളില്‍ ആറു പേരും ഇപ്പോള്‍ കിടപ്പിലാണ്. അനുദിനം മോശമായ അവസ്ഥയിലേക്ക് പോകുന്ന കുട്ടികളെ നല്ല ചികില്‍സ നല്‍കിയാല്‍ ഒരു പക്ഷേ സുഖപ്പെടുത്താനായേക്കും. എന്നാല്‍ അതിന് ലക്ഷങ്ങള്‍ വേണം. 45 ലക്ഷം രൂപ ഇതുവരെ ചികില്‍സക്ക് ചെലവായിക്കഴിഞ്ഞു. കുടുംബം മൂക്കറ്റം കടക്കെണിയിലുമായി. അതിനാലാണ് കുട്ടികളെ ദയാവധത്തിന് വിധേയരാക്കാന്‍ അനുമതി തേടുന്നതെന്ന് അപേക്ഷയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല