സ്വന്തം ലേഖകന്‍: സംവിധായകന് രഞ്ജിത്തിനെപ്പോലെ അസഹിഷ്ണുതയുള്ളവര്‍ ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരാകും, രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലീല തിരക്കഥാകൃത്ത് ഉണ്ണി ആര്. ഒരു മാസികക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രമുഖ എഴുത്തുകാരന് കൂടിയായ ഉണ്ണി ആര് രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ലീല സിനിമയുടെ സംവിധായകനായ രഞ്ജിത്തിനോട് വിവിധ വിഷയങ്ങളിലുള്ള വിയോജിപ്പ് അഭിമുഖത്തില്‍ ഉണ്ണി ആര് പറയുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലീല’ എന്ന സിനിമയുടെ തിരക്കഥ ഉണ്ണിയായിരുന്നു. സിനിമയേക്കാള്‍ ‘ലീല’ എന്ന കഥയാണ് തനിക്ക് പ്രിയപ്പെട്ടതെന്നും ഉണ്ണി ആര് തുറന്നുപറയുന്നു. സിനിമ മുന്‍വിധിയോടെ കാണരുതെന്നും ഉണ്ണി ആര് പറയുന്നു. ലീലയില്‍ രഞ്ജിത് രാവണപ്രഭുവിനെ ഉണ്ണി ആറിന്റെ കുട്ടിയപ്പനാക്കി അവതരിപ്പിച്ചു എന്ന വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അതിന് രഞ്ജിത്താണ് ഉത്തരം പറയേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
സിനിമകളെ വിമര്‍ശിച്ച് പത്രത്തില്‍ വന്ന ലേഖനത്തോട് രഞ്ജിത്ത് പ്രതികരിച്ചത് അദ്ദേഹത്തിന്റെ നൈതികതയുമായി ബന്ധപ്പെട്ട കാര്യമാണെന്നും ഉണ്ണി ആര് പറയുന്നു. വിമര്‍ശനത്തോടുള്ള അസഹിഷ്ണുതയാണ് പലപ്പോഴും നമ്മുടെ വാക്കുകള്‍ കൈവിട്ടുപോകുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത്. ഇത്തരം അസഹിഷ്ണുത നിറഞ്ഞ പ്രതികരണങ്ങള്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യരാകുമെന്നും അവര്‍ അത്തരക്കാരെ സംസ്കാരശൂന്യരെന്ന് വിളിക്കുമെന്നും ഉണ്ണി ആര് പറഞ്ഞു.
സിനിമാ പ്രവര്‍ത്തകര്‍ക്കുനേരെയും ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട് ഉണ്ണി ആര്. ചലച്ചിത്രനടിക്കേറ്റ അപമാനത്തെക്കുറിച്ച് ചോദ്യംചെയ്യാനും അത് വലിയ ചര്‍ച്ചയാക്കാനും നിന്നവര്‍, പൊതുതലത്തില്‍ അറിയപ്പെടാത്ത ഒരാള്‍ക്കുനേരെ ഉണ്ടായ ആക്രമണമാണെങ്കില്‍ എന്തുകൊണ്ട് ഇത്രയും ചര്‍ച്ചയാക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. എലീറ്റായ ഒരാള്‍ക്കുനേരെ ആക്രമണം ഉണ്ടാകുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന സാഹചര്യം ഉണ്ടായിക്കൂടാ. മലയാള സിനിമ തിരുത്തേണ്ടതുണ്ട് എന്ന തോന്നലാണ് സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിയ്ക്കുന്ന വേഷങ്ങള്‍ ഇനി ചെയ്യില്ലെന്ന് പ്രഖ്യാപിക്കാന്‍ പൃഥ്വിരാജ് എന്ന നടനെ പ്രേരിപ്പിച്ചതെന്നും ഉണ്ണി ആര് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല