സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശ് കര്‍ഷകന്റെ ഭൂമിയില്‍ ഉറങ്ങിക്കിടന്നിരുന്നത് സിന്ധു നദീതട സംസ്‌കാര കാലത്തെ നിധിശേഖരം. ബിജ്‌നോറിലെ ചാന്ദിപൂരിലെ ഒരു കര്‍ഷകന്റെ കൃഷി ഭൂമിയില്‍ നിന്നാണ് സിന്ധു നദീതട സംസ്‌കാര കാലഘട്ടത്തോളം പഴക്കമുള്ള സ്വര്‍ണവെള്ളി നിക്ഷേപം കണ്ടെത്തിയത്. ചെമ്പു കുടങ്ങളില്‍ കണ്ടെത്തിയ നിധി ശേഖരത്തിന് 4500 വര്‍ഷം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കൃഷിഭൂമിയില്‍ കുഴിയെടുക്കുന്നതിനിടെയാണ് നിധി ശേഖരം കണ്ടെത്തിയത്. വാര്‍ത്ത പരന്നതോടെ നിധി കാണാന്‍ നൂറുകണക്കിനാളുകള്‍ സ്ഥലത്ത് എത്തി. വാര്‍ത്ത അറിഞ്ഞ ജില്ലാ മജിസ്‌ട്രേറ്റ് ബി. ചന്ദ്രകല ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. സ്ഥലത്ത് പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിധിശേഖരം ഹാരപ്പന്‍ സംസ്‌കാര കാലത്തോളം പഴക്കുമുള്ളതാണെന്ന് സംശയിക്കുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആഗ്ര സര്‍ക്കിള്‍ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് ബുവന്‍ വിക്രം പറഞ്ഞു. പഴക്കം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല