സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശ് പോലീസ് ഒരു കാണാതായ ആടിനെ തിരയുന്ന തിരക്കിലാണ്. ഇറ്റാവ പോലീസാണ് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയ ആടിനെ തേടി നെട്ടോട്ടം ഓടുന്നത്. ന തകൗ സ്വദേശി ദിയോ സിംഗ് നല്കിയ പരാതിയിലാണ് പോലീസിന്റെ അന്വേഷണം. തന്റെ മുട്ടനാടിനെ കാലികടത്തുകാര് മോഷ്ടിച്ചുകൊണ്ടുപോയെന്ന് കാണിച്ച് ഞായറാഴ്ചയാണ് സിംഗ് പരാതി നല്‍കിയത്.
ഏപ്രില്‍ 17നാണ് സിംഗിന്റെ ആടിനെ കാണാതായത്. വീട്ടുകാര്‍ നടത്തിയ അന്വേഷണം നിഷ്ഫലമായതോടെയാണ് പോലീസ് സഹായം തേടിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി സെക്ഷന്‍ 379 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. വീടിനടുത്ത പുല്മേട്ടില് മേയുന്നതിനിടെയാണ് ആടിനെ മോഷ്ടിച്ചത്.
തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയായിരുന്ന ആട് എല്ലാവരുടെയും ഓമനയായിരുന്നുവെന്നും സിംഗ് പറഞ്ഞു. ആടിനെ രണ്ടു പേര് വലിച്ചിഴച്ചുകൊണ്ടുപോകുന്നത് കണ്ടതായി അയല്‍ക്കാരും മൊഴി നല്‍കിയിട്ടുണ്ട്.
പരാതി സ്വീകരിച്ച പോലീസ് സിംഗിന്റെ വീട്ടില്‍ എത്തി പ്രാഥമിക അന്വേഷണം നടത്തി. സമീപ ഗ്രാമത്തിലെ ചില വീടുകളിലും പോലീസ് തെരച്ചില്‍ നടത്തി. എന്നാല്‍ ഇതുവരെ ആടിന്റെ രോമം പോലും പോലീസിന് ലഭിച്ചിട്ടില്ല. ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്റെ കാണാതായ പോത്തുകളെ തേടി രാംപൂര്‍ പോലീസ് നെട്ടോട്ടം ഓടിയതും അടുത്ത കാലത്ത് വാര്‍ത്തയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല