സ്വന്തം ലേഖകൻ: പ്രവാസികളുടെ എൻആർഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താം. ചെറുകിട കടകളിൽ പോലും ലഭ്യമായ യുപിഐ പേയ്മെന്റ് സംവിധാനം പ്രവാസികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും ഇനി മുതൽ ഉപയോഗിക്കാം. യുപിഐയുടെ ക്യുആർ കോഡ് സ്കാൻ ചെയ്തു പണം ഡിജിറ്റലായി കൈമാറാം.
ഇതുവരെ ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്നു മാത്രമായിരുന്നു യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് (യുപിഐ) വഴി പണമിടപാട് സാധിച്ചിരുന്നത്. പുതിയ സംവിധാനത്തിൽ വിദേശ നമ്പറുകളുമായും എൻആർഐ അക്കൗണ്ടുമായും യുപിഐ ബന്ധിപ്പിക്കാമെന്ന് ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാൻറാവു കരാട് പറഞ്ഞു.
യുഎഇ, ഒമാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ യുപിഐ സൗകര്യം ലഭിക്കുകയെന്ന് ഇന്ത്യൻ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു. മൊത്തം 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുപിഐ ഉപയോഗിക്കാം. അതിൽ 4 രാജ്യങ്ങളാണ് ഗൾഫ് മേഖലയിൽ നിന്നുള്ളത്.
എടിഎം, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ സൗകര്യമില്ലാത്ത കടകളിൽ പോലും യുപിഐ പേയ്മെന്റ് സംവിധാനമുണ്ട്. വഴിയോരക്കച്ചവടക്കാർ പോലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നു. പ്രവാസികൾക്കും വിദേശികൾക്കും ഉപയോഗിക്കത്തക്ക നിലയിൽ പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനത്തിൽ ആവശ്യമായ പരിഷ്കാരം വരുത്താൻ റിസർവ് ബാങ്ക് നിർദേശം നൽകി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യയിലെ ബാങ്കുകളും ചേർന്നു രൂപം നൽകിയ ദേശീയ പേയ്മെന്റ് കോർപറേഷനാണ് യുപിഐ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത്. യുഎഇയിൽ രൂപയിൽ വ്യാപാരം നടത്താനുള്ള കരാർ യാഥാർഥ്യമായതോടെ യുപിഐ സംവിധാനം പ്രവാസികൾക്ക് കൂടുതലായി പ്രയോജനപ്പെടും.
ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തിനു മുന്നോടിയായാണ് യുപിഐ സംവിധാനം വിദേശികൾക്കും പ്രവാസികൾക്കുമായി തുറന്നു കൊടുക്കാൻ തീരുമാനിച്ചത്. പ്രവാസികൾക്ക് ലഭിക്കുന്നതു പോലെ എല്ലായിടത്തം യുപിഐ ഉപയോഗിക്കാനുള്ള സൗകര്യം വിദേശ വിനോദ സഞ്ചാരികൾക്ക് ആദ്യ ഘട്ടത്തിൽ ലഭിക്കില്ല. ബെംഗളൂരു, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവർക്കാണ് സേവനം ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല