1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2022

സ്വന്തം ലേഖകൻ: അന്താരാഷ്ട്ര പണമിടപാട് സംവിധാനമായ സ്വിഫ്റ്റിന് ബദല്‍ വികസിപ്പിക്കാനൊരുങ്ങി നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). യുപിഐ അധിഷ്ഠിത സംവിധാനം കൊണ്ടുവരുന്നതോടെ 3.2 കോടിയോളംവരുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ നാട്ടിലേയ്ക്ക് പണമയയ്ക്കാനാകും.

വേള്‍ഡ് ബാങ്കിന്റെ കണക്കുപ്രകാരം വിദേശ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേയ്ക്ക് അയച്ചത് ശരാശരി ഏഴ് ലക്ഷം കോടി (87 ബില്യണ്‍ ഡോളര്‍) രൂപയാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ നാട്ടിലേയ്ക്ക് അയക്കുന്നതുകയുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നിലെന്നും വേള്‍ഡ് ബാങ്ക് നിരീക്ഷിക്കുന്നു.

നാട്ടിലേയ്ക്ക് 200 ഡോളര്‍ അയയ്ക്കാന്‍ ശരാശരി 13 ഡോളറാണ് നിലവില്‍ ചെലവുവരുന്നതെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ പെയ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ റിതേഷ് ശുക്ല പറയുന്നു.

വിദേശ ഇന്ത്യക്കാര്‍ക്കും പതിവായി പുറത്തേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും പുതിയ സംവിധാനം ഫലപ്രദമായി വിനിയോഗിക്കാനാകും. നിലവിലുള്ള സ്വിഫ്റ്റ് പോലുള്ള സംവിധാനം മാറ്റുകയല്ല ബദല്‍ വികസിപ്പിക്കുകയാണ് എന്‍പിസിഐയുടെ ലക്ഷ്യം. നിലവില്‍ 330 ബാങ്കുകളും 25 ആപ്പുകളും എന്‍പിസിഐയുടെ ഏകീകൃത പണമിടപാട് പ്ലാറ്റ്‌ഫോമായ യുപിഐ പ്രയോജനപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് മൂല്യം മൂന്നു ട്രില്യണ്‍ ഡോളറായി ഉയരാനിടയാക്കിയത് ഈ തത്സമയ പേയ്മന്റ് സംവിധാനമായ യുപിഐയാണ്.

യുപിഐയെ മറ്റ് രാജ്യങ്ങളിലെ പണമിടപാട് സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍പിസിഐ. കുറഞ്ഞ ചെലവില്‍ ചെറിയ ഇടപാടുകള്‍പോലും സാധ്യമാക്കാമെന്നതാണ് പ്രത്യേകത. അതിനായി ലോകമെമ്പാടുമുള്ള ഫിന്‍ടെക് സ്ഥാപനങ്ങളുമായും സേവന ദാതാക്കളുമായും ചര്‍ച്ച നടത്തിവരികയാണെന്നും സിഇഒ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.