1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2016

സ്വന്തം ലേഖകന്‍: തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പാകിസ്താനില്‍, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ യു.എന്‍ അന്വേഷിക്കണമെന്ന് ഉര്‍ദുഗാന്‍. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പാകിസ്താനി; എത്തിയതായിരുന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈനുമായി വ്യാഴാഴ്ച വൈകീട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് ഉര്‍ദുഗാന്‍ കശ്മീര്‍ വിഷയം പരാമര്‍ശിച്ചത്.

കശ്മീരിലെ പ്രശ്‌നപരിഹാരം അവിടത്തെ ജനങ്ങളുടെ ആഗ്രഹമനുസരിച്ച് ആയിരിക്കണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തെ ഇരുരാജ്യങ്ങളും അപലപിക്കുകയും ചെയ്തു. പാകിസ്താന്റെ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. പാകിസ്താനില്‍ നിക്ഷേപം നടത്താന്‍ തുര്‍ക്കിക്ക് നിയമസഹായങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ചെയ്യുമെന്ന് മംനൂന്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ടാണ് പ്രസിഡന്റ് റാവല്‍പിണ്ടിയില്‍ വിമാനമിറങ്ങിയത്.

പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ശരീഫ് എന്നിവര്‍ തുര്‍ക്കി പ്രസിഡന്റിനെ സ്വീകരിച്ചു. പത്‌നി അമീനയെ കൂടാതെ മുതിര്‍ന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും തുര്‍ക്കി ബിസിനസ് മേഖലയിലെ പ്രതിനിധികളും ഉര്‍ദുഗാനോടൊപ്പമുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തെ ഉര്‍ദുഗാന്‍ അഭിസംബോധന ചെയ്തു. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അഴിമതിയാരോപണ വിധേയനായ പശ്ചാത്തലത്തില്‍ ഉര്‍ദുഗാനുമായുള്ള പാര്‍ലമെന്റ് സംയുക്ത സമ്മേളനം തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ബഹിഷ്‌കരിക്കും എന്നറിയിച്ചിരുന്നു.

മൂന്നാം തവണയാണ് ഉര്‍ദുഗാന്‍ പാകിസ്താന്‍ പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ലാഹോറില്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഉര്‍ദുഗാന് ഔദ്യോഗിക വിരുന്നും ഒരുക്കുന്നുണ്ട്. അതേസമയം, വിസ കാലാവധി പൂര്‍ത്തിയാക്കിയ നൂറോളം തുര്‍ക്കി അധ്യാപകരോട് രാജ്യം വിടാനും പാക് അധികൃതര്‍ ആവശ്യപ്പെട്ടു. പട്ടാള അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് തുര്‍ക്കി ആരോപിക്കുന്ന ആത്മീയ നേതാവ് ഫത്ഹുല്ല ഗുലന്‍ നടത്തുന്ന സ്‌കൂളിലെ അധ്യാപകരോടാണ് രാജ്യം വിടാന്‍ പാകിസ്താന്‍ ആവശ്യപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.