സ്വന്തം ലേഖകന്‍: കശ്മീരിലെ ഉറി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി, നുഴഞ്ഞു കയറാന്‍ ശ്രമിച്ച 10 ഭീകരരെ വധിച്ചു, അതിര്‍ത്തിയില്‍ വെടിവപ്പ്. നിയന്ത്രണ രേഖക്ക് സമീപത്തുവച്ചാണ് സൈന്യം ഭീകരരെ വധിച്ചത്. അതിനിടെ 20 ലേറെ തവണ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടി ഉതിര്‍ക്കുകയും ചെയ്തു.
നിയന്ത്രണ രേഖക്ക് അടുത്തുവരെയെത്തി ആക്രമണം നടത്തിയ പാക് ഭീകരര്‍ക്ക് തദ്ദേശീയരുടെ സഹായം ലഭിച്ചിട്ടുള്ളതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ (റിസര്‍ച്ച് ആന്റ് അനാലിസ് വിങ്) ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രദേശത്ത് രണ്ടു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് ബ്രിഗേഡിയര്‍ ആസ്ഥാനത്തേയ്ക്ക് എത്തി ഭീകരര്‍ ആക്രമണം നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും പോരായ്മകള്‍ പരിഹരിക്കുമെന്നും പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രതിരോധ സഹമന്ത്രി വ്യക്തമാക്കി.
ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍ രാംഗത്തെത്തി.
പാക്കിസ്ഥാന്റെ പേരെടുത്തു പറഞ്ഞും അല്ലാതെയുമാണു ലോകരാഷ്ട്രങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചത്. യുഎസ്, ജര്‍മനി, ജപ്പാന്‍, സൗദി അറേബ്യ, കാനഡ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ റഷ്യയും ഫ്രാന്‍സും പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല