സ്വന്തം ലേഖകന്‍: ഉറി ഭീകരാക്രമണം, തിരിച്ചടിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ സൈന്യം, ലോക രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്താന്‍ ഒറ്റപ്പെടുന്നു. തിരിച്ചടിക്കേണ്ട സമയവും സ്ഥലവും തീരുമാനിക്കുമെന്നും സൈന്യം വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം പ്രാപ്തമാണെന്ന് ഡി.ജി.എം.ഒ ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു.
തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്ത മരുന്നും ഭക്ഷണവും അടക്കമുള്ള വസ്തുക്കളില്‍ പാകിസ്താന്റെ അടയാളം ഉണ്ടായിരുന്നെന്നും രണ്‍ബീര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഇതുവരെ 17 നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ നടന്നതായും അവയെല്ലാം തന്നെ പരാജയപ്പെടുത്തിയതായും സൈന്യം വ്യക്തമാക്കി.
അതിനിടെ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ഉറി ആക്രമണത്തിന് ശേഷമുള്ള സാഹചര്യവും സര്‍ക്കാരിന്റെ തീരുമാനവും പ്രധാനമന്ത്രി, രാഷ്ട്രപതിയെ ധരിപ്പിച്ചു.
എന്നാല്‍ ഏത് തരത്തിലുള്ള ഭീഷണിയും നേരിടാന്‍ പാകിസ്താന്‍ സജ്ജമാണെന്ന് പാക് സൈനിക മേധാവി ജനറല്‍ രഹീല്‍ ഷെരീഫ് പറഞ്ഞു.
മേഖലയിലെ സംഭവവികാസങ്ങള്‍ പാക് സൈന്യം നിരീക്ഷിച്ച് വരികയാണ്. നേരിട്ടോ അല്ലാതെയോ ഉള്ള ഏത് ഭീഷണികള്‍ നേരിടാനും തങ്ങള്‍ സജ്ജമാണെന്ന് റാവല്‍പിണ്ടിയില്‍ സൈനിക കമാന്‍ഡര്‍മാരുടെ കോണ്‍ഫറണ്‍സിലാണ് പാക് സൈനിക മേധാവി വ്യക്തമാക്കിയത്.
ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പിനുനേരെ നാല് ആയുധധാരികളായ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 18 ആയി. സംഭവത്തിനു പിന്നില്‍ പാകിസ്താനാണെന്ന് തുറന്നുകാട്ടാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ശക്തമാക്കിയതോടെ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ പാകിതാന്‍ ഒറ്റപ്പെടുകയാണ്. പാകിസ്താന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് റഷ്യ ഉടന്‍ നടക്കാനിരുന്ന സംയുക്ത സൈനികാഭ്യാസം റദ്ദാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല