1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2016

സ്വന്തം ലേഖകന്‍: ഉറി ഭീകരാക്രമണം, ഇന്ത്യ പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി തെളിവുകള്‍ കൈമാറി, അടിച്ചാല്‍ തിരിച്ചടിക്കാന്‍ പാകിസ്താന്‍ സജ്ജമെന്ന് മുഷറഫ്. ഡല്‍ഹിയില്‍ പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തിയാണ് നടപടി. വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയത്. ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകളും ഇന്ത്യ കൈമാറിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരില്‍നിന്നും പാക്ക് നിര്‍മിത വസ്തുക്കള്‍ ഇന്ത്യന്‍ സേന പിടിച്ചെടുത്തിരുന്നു.

പഠാന്‍കോട്ട് വ്യോമതാവളത്തിലെ ആക്രമണം മുതല്‍ ഈ വര്‍ഷം ഇതുവരെ നിയന്ത്രണ രേഖ ലംഘിച്ചുകയറാന്‍ പലതവണ ഭീകരര്‍ ശ്രമിച്ചതായും ഇന്ത്യ ചൂണ്ടിക്കാട്ടി. ഈ നിമിഷംപോലും ഭീകരരും ഇന്ത്യന്‍ സൈന്യവും തമ്മില്‍ രണ്ടിടങ്ങളില്‍ പോരാട്ടം തുടരുകയാണെന്നും ജയശങ്കര്‍ പറഞ്ഞു. ഭീകരരെ പിന്തുണയ്ക്കില്ലെന്ന വാഗ്ദാനം പാക്കിസ്ഥാന്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉറി ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഭീകരരില്‍നിന്ന് ലഭിച്ചതായും ജയശങ്കര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്റെ അടയാളങ്ങളുള്ള ഗ്രനേഡുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, പാക്ക് നിര്‍മിതമായ മരുന്നുകള്‍, ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍നിന്ന് പിടിച്ചെടുത്തതായി അദ്ദേഹം പാക്ക് ഹൈക്കമ്മിഷണറെ അറിയിച്ചു. ഈ തെളിവുകളെല്ലാം വിദേശകാര്യ സെക്രട്ടറി വഴി പാക്കിസ്ഥാന് കൈമാറിയിട്ടുണ്ട്.

അതേസമയം, നിശ്ചയിച്ച സമയത്തും, സ്ഥലത്തും ഇന്ത്യ തിരിച്ചടിക്കുമെങ്കില്‍ അതേ രീതിയില്‍ തന്നെ പാക്കിസ്ഥാനും തിരിച്ചടിക്കുമെന്നും ആ തിരിച്ചടി ഞങ്ങള്‍ നിശ്ചയിക്കുന്ന സ്ഥലത്തായിരിക്കുമെന്നും അത് തടയാന്‍ ഇന്ത്യക്കാവില്ലെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞു.
സൈനീക തിരിച്ചടിയെക്കുറിച്ച് സംസാരിക്കുന്നത് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയായാലും സൈനീക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ആയാലും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചുക്കൂടി ഓര്‍ക്കണമെന്നും മുഷറഫ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.