സ്വന്തം ലേഖകന്‍: നോട്ടു പിന്‍വലിക്കല്‍, രാജ്യ സുരക്ഷയെ ബാധിക്കും എന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് റിസര്‍വ് ബാങ്ക്, മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. കറന്‍സി അസാധുവാക്കല്‍ തീരുമാനത്തിനു പിന്നിലുള്ള വിവരങ്ങള്‍
പുറത്തുവിടുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും സുരക്ഷയെയും ബാധിച്ചേക്കുമെന്നും വിവരങ്ങള്‍ പുറത്തുവിടുന്നയാളിന്റെ ജീവന്‍ അപകടത്തിലായേക്കുമെന്നുമാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ആര്‍.ബി.ഐ. മറുപടി നല്‍കിയത്.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം ആരുടേതെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും വിരുദ്ധമായ നിലപാടെടുത്തതിനു പിന്നാലെയാണ് സംഭവത്തിന് നിഗൂഡ പരിവേഷം നല്‍കി ആര്‍ ബി ഐയുടെ നടപടി. ബ്ലൂംബര്‍ഗ് ന്യൂസാണ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ആര്‍.ബി.ഐക്ക് വിവരാവകാശ നിയമപ്രകാരം ചോദ്യാവലി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ വിവിധ ബാങ്കുകളുടെ കൈവശമുണ്ടായിരുന്ന 1000, 500 നോട്ടുകളുടെ എണ്ണം എത്ര എന്ന ചോദ്യത്തിനാണ് ‘അതു വെളിപ്പെടുത്തുന്നവരുടെ ജീവനോ സുരക്ഷയോ അപകടത്തിലായേക്കും’ എന്ന മറുപടി ലഭിച്ചത്.
നോട്ട് നിരോധനത്തിനു വേണ്ടി കൈക്കൊണ്ട തയാറെടുപ്പുകളും പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ നടത്തിയ പഠനങ്ങളും ആരാഞ്ഞുള്ള ചോദ്യത്തിനാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മറുപടി നിഷേധിച്ചത്.
1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഔദ്യോഗികമായി ശിപാര്‍ശ നല്‍കിയ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ എതിര്‍പ്പുകളുണ്ടായോ എന്ന ചോദ്യത്തിനു പരസ്പരവിരുദ്ധമായ മറുപടിയാണ് ബ്ലൂംബര്‍ഗിനു കിട്ടിയത്.
ഈ ചോദ്യം മൂന്നു തവണയാണ് ഉന്നയിക്കപ്പെട്ടത്. ‘തീരുമാനം ഏകകണ്ഠം’ എന്നായിരുന്നു രണ്ടുവട്ടം മറുപടി. ‘ഈ വിവരം രേഖകളിലില്ല’ എന്നായിരുന്നു മറ്റൊരു തവണ ഉത്തരം! നോട്ട് പിന്‍വലിക്കല്‍ ശിപാര്‍ശ റിസര്‍വ് ബാങ്കിന്റേതാണെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു മൂന്നു മണിക്കൂര്‍ മുമ്പാണു ശിപാര്‍ശ ലഭിച്ചതെന്നുമാണ് പാര്‍ലമെന്റില്‍ മന്ത്രി പീയൂഷ് ഗോയല്‍ വിശദീകരിച്ചത്. അതിനു മുമ്പ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
നോട്ട് പിന്‍വലിക്കല്‍ പരിഗണിക്കണം എന്ന സര്‍ക്കാരിന്റെ ഉപദേശം കണക്കിലെടുത്തായിരുന്നു തങ്ങളുടെ ശിപാര്‍ശയെന്നാണ് പാര്‍ലമെന്ററി സമിതിക്ക് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടി. അതേസമയം, നോട്ട് പിന്‍വലിക്കല്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കാനുള്ള പ്രേരണ എന്തായിരുന്നു എന്ന വിവരാവകാശ ചോദ്യത്തിന് ‘ഇക്കാര്യം വിവരാവകാശ നിയമത്തില്‍ വിവരം എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടില്ല’ എന്ന നിലപാടിലൂടെ റിസര്‍വ് ബാങ്ക് വ്യക്തമായ ഉത്തരം നിഷേധിക്കുകയും ചെയ്തു.
നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് മാധ്യമങ്ങളെ ഒഴിവാക്കുന്ന ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ നടപടിയും ദുരൂഹമാകുകയാണ്. ഇത് രണ്ടാം തവണയാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഊര്‍ജിത് പട്ടേല്‍ ഒഴിഞ്ഞു മാറുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലെ പ്രസംഗത്തിനു ശേഷമായിരുന്നു ഗവര്‍ണറുടെ നാടകീയമായ മുങ്ങല്‍. മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ സെമിനാര്‍ ഹാളിന്റെ പിന്‍വാതില്‍ വഴി ഊര്‍ജിത് പട്ടേല്‍ ഇറങ്ങിയ സമയം മാധ്യമപ്രവര്‍ത്തകര്‍ അദേഹത്തെ പിന്‍തുടരുകയായിരുന്നു.
മാധ്യമങ്ങള്‍ തനിക്ക് പിന്നിലുണ്ടന്ന് അറിഞ്ഞതോടെ ഊര്‍ജിത് പട്ടേല്‍ തിടുക്കത്തില്‍ ഓടി കാറില്‍ കയറി വേദി വിട്ടു.ഇതിന് മുന്‍പ് കൊല്‍ക്കത്തയില്‍ നടന്ന ആര്‍.ബി.ഐ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷവും ഗവര്‍ണര്‍ മാധ്യമങ്ങളെ കബളിപ്പിച്ച് പിന്‍വാതില്‍ വഴി മുങ്ങിയിരുന്നു. പതിവ് വാര്‍ത്താ സമ്മേളനം പോലും നടത്താതെയാണ് അന്ന്
ഗവര്‍ണര്‍ കടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല