സ്വന്തം ലേഖകന്‍: സിറിയയിലെ അല്‍ക്വയ്ദ ക്യാമ്പിനുനേരെ യുഎസ് വ്യോമസേനയുടെ ശക്തമായ ആക്രമണം, നൂറോളം ഭീകരരെ വധിച്ചു. പടിഞ്ഞാറന്‍ ആലപ്പോയിലെ ഇഡ്‌ലിബ് പ്രവിശ്യയിലെ അല്‍ക്വയ്ദയുടെ പരിശീലന ക്യാമ്പിനു നേരെ നടത്തിയ ആക്രമണത്തില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. യുഎസ് വ്യോമസേനാ വിമാനങ്ങളാണ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ സാധാരണ പൗരന്‍മാരാരും കൊല്ലപ്പെട്ടിടില്ലെന്നു യുഎസ് വ്യക്തമാക്കി. സിറിയന്‍ സേനയുടെ സഹായത്തോടെയാണു യുഎസ് വ്യോമസേനയുടെ ആക്രമണം. കഴിഞ്ഞ ദിവസം ലിബിയയില്‍ യുഎസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ 80 ഐഎസ് ഭീകരരെ വധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.
ലിബിയയിലെ സിര്‍ത്തിന് സമീപം ഐ.എസ് ക്യാമ്പില്‍ നടത്തിയ ആക്രമണത്തിലാണ് 80 തീവ്രവാദികളെ വധിച്ചതായി യു.എസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയത്. രണ്ടു ക്യാമ്പുകളെ ലക്ഷ്യം വെച്ച് നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് യുഎസ് അവകാശപ്പെടുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബറാക് ഒബാമയുടെ അനുവാദത്തോടെയാണ് ആക്രമണമെന്നും ലിബിയയിലെ ഐക്യരാഷ്ട്ര സഭ പിന്തുണയുള്ള സര്‍ക്കാറിനെ സഹായിക്കാനാണിതെന്നും യുഎസ് പ്രസ്താവനയില്‍ പറഞ്ഞു.
വ്യാഴാഴ്ച അര്‍ധരാത്രിയാണ് ആക്രമണം നടന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ സിര്‍ത്തിന്റെ നിയന്ത്രണം പൂര്‍ണമായും അന്താരാഷ്ട്ര പിന്തുണയുള്ള സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ഐ.എസില്‍ സംഘത്തില്‍ ബാക്കിയുള്ള ചുരുക്കംപേരാണ് ചിലയിടങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരെ പുകച്ചു പുറത്തുചാടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് യുഎസ് സേന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല