സ്വന്തം ലേഖകൻ: ഐഎസ്ആർഒയും യുഎസ് ബഹിരാകാശ ഏജൻസി നാസയും ചേർന്നു വികസിപ്പിച്ച ഭൗമനിരീക്ഷണ റഡാറായ നിസാർ വിക്ഷേപണത്തിനായി ഇന്ത്യയിൽ എത്തിച്ചു. യുഎസ് വ്യോമസേനയുടെ സി–17 എയർ ക്രാഫ്റ്റാണ് നിസാറിനെ കലിഫോർണിയിയിൽനിന്ന് ഇന്ന് ബെംഗളൂരുവിൽ എത്തിച്ചത്.
വ്യോമയാന രംഗത്ത് ഇന്ത്യയും യുഎസും തമ്മിലുള്ള സംയുക്ത ഇടപെടൽ ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് നിസാറിനെ കാണുന്നത്. ചെയർമാൻ എസ്. സോമനാഥിന്റെ നേതൃത്വത്തിൽ ഐഎസ്ആർഒ സംഘം കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു.
പ്രകൃതിദുരന്ത സാധ്യതകളും മഞ്ഞുപാളികളിൽ വരുന്ന മാറ്റവും നിരീക്ഷിക്കുന്നതിനുള്ള റഡാർ ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാകും വിക്ഷേപിക്കുക. ഏതു കാലാവസ്ഥയിലും മേഘങ്ങൾക്കിടയിലൂടെ നുഴഞ്ഞുകയറി ചിത്രങ്ങളെടുക്കാൻ നിസാറിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഹിമാലയത്തിലെ മഞ്ഞുപാളികളും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളും നിരീക്ഷിക്കാനാണ് ഐഎസ്ആർഒ ഇത് ഉപയോഗിക്കുക. അടുത്ത വർഷം ആന്ധ്രാ പ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലായിരുക്കും വിക്ഷേപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല