സ്വന്തം ലേഖകന്‍: ഇറാനെ നേരിടാനെന്ന പേരില്‍ സൗദിക്ക് കോടിക്കണക്കിനു ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെയാണ് ഈ നടപടി. 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനാണ് പദ്ധതി. ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും പശ്ചിമേഷ്യയുടെ അസ്ഥിരതയ്ക്കു വഴിയൊരുക്കാമെന്നും പ്രഖ്യാപിച്ചാണ് ട്രംപ് തീരുമാനമെടുത്തത്.
ഇറാന്റെ ഭീഷണി നേരിടാനെന്ന പേരില്‍ പശ്ചിമേഷ്യയിലേക്ക് 1500 സൈനികരെക്കൂടി അയയ്ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ആയുധവില്പന. ഇതോടെ ഗള്‍ഫിലെ സംഘര്‍ഷം വര്‍ധിക്കുമെന്നു തീര്‍ച്ചയാണ്. സൈനികര്‍ക്കു പുറമേ യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയും അയയ്ക്കും. വിമാനവാഹിനിയും ബോംബറുകളും പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനവും നേരത്തേ യുഎസ് അയച്ചിരുന്നു.
ഇതിനിടെ സൗദിക്കു നല്‍കുന്ന കൃത്യത കൂടിയ ബോംബുകള്‍ അടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ അവര്‍ യെമനിലെ ജനങ്ങള്‍ക്കു നേര്‍ക്ക് പ്രയോഗിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നു. സൗദിക്ക് ആയുധം വില്‍ക്കുന്ന കാര്യം സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കോണ്‍ഗ്രസിനെ അറിയിച്ചു. ഇറാന്റെ ദ്രോഹപ്രവൃത്തികള്‍ തടയാന്‍ ഉടന്‍തന്നെ ആയുധങ്ങള്‍ വില്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ സുരക്ഷയ്ക്കും പശ്ചിമേഷ്യയുടെ സ്ഥിരതയ്ക്കും ഉടന്‍തന്നെ ആയുധങ്ങള്‍ കൈമാറേണ്ടത് അത്യാവശ്യമാണ്.
കൃത്യത കൂടിയ ബോംബുകള്‍ സൗദിക്കു കൈമാറുന്നതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ഇതു മറികടക്കാനാണ് ട്രംപ് എമര്‍ജന്‍സി നിയമത്തിന്റെ മറവില്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ തീരുമാനമെടുത്തതെന്നു കരുതുന്നു. യുഎഇയ്ക്കും ജോര്‍ദാനും ആയുധങ്ങള്‍ വില്‍ക്കാനും ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷ ഡെമോക്രാറ്റുകള്‍ ട്രംപിന്റെ നടപടിക്കെതിരേ ശബ്ദമുയര്‍ത്തി. സ്വേച്ഛാധിപത്യ രാജ്യങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങളാണ് ട്രംപ് എടുക്കുന്നതെന്ന് വിദേശബന്ധ സമിതിയില്‍ അംഗമായ ഡെമോക്രാറ്റിക് സെനറ്റര്‍ റോബര്‍ട്ട് മെനന്‍ഡസ് ആരോപിച്ചു. അന്താരാഷ്ട്ര സമാധാനത്തിന് ആപത്തു വരുത്തുന്ന നടപടിയാണ് ട്രംപിന്റേതെന്ന് ഇറാന്‍ വിദേശമന്ത്രി ജവാദ് സെരീഫ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല