സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് യുഎസിലെത്തി 20 വര്‍ഷത്തോളം അനധികൃതമായി താമസിച്ച ഇന്ത്യക്കാരനെ നാടുകടത്താന്‍ ഉത്തരവ്. 46 കാരനായ ഗുര്‍മുഖ് സിങ്ങാണ് തന്നെ നാടുകടത്താനുള്ള വിധി ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹരജി നല്‍കിയത്. എന്നാല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ രണ്ടു ദശാബ്ദമായി യു.എസില്‍ കഴിയുന്ന സിങ്ങ്‌നിനെ അറസ്റ്റു ചെയ്തു.
കാലിഫോര്‍ണിയയില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇന്ത്യയിലെ പഞ്ചാബില്‍ ടാക്‌സി ഡ്രൈവറായിരുന്ന സിങ് 1998 ല്‍ മെക്‌സികോ അതിര്‍ത്തിവഴി വിസയില്ലാതെയാണ് യു.എസില്‍ എത്തിയത്. പിന്നീട് മതപരമായ പീഡനം നേരിടുന്നതായി ചൂണ്ടിക്കാട്ടി ഇയാള്‍ അഭയകേന്ദ്രത്തിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍, കേസ് കൃത്യമായി നടത്താന്‍ പരാജയപ്പെടുകയും തുടര്‍ന്ന് അധികൃതര്‍ സിങ്ങിനെ നാടുകടത്താന്‍ ഉത്തരവിടുകയും ചെയ്തു. 2010ല്‍ സിങ് യു.എസ് സ്വദേശിയെ വിവാഹം ചെയ്തിരുന്നു. ഇവര്‍ക്ക് രണ്ടു പെണ്‍കുട്ടികളുമുണ്ട്.
2012 ല്‍ റസിഡന്‍സി വിസക്കായി അപേക്ഷിച്ചപ്പോഴാണ് ഇയാളുടെ നാടുകടത്തല്‍ കേസ് വീണ്ടും ചര്‍ച്ചയായത്. തുടര്‍ന്ന് സിങ് അഞ്ചു മാസത്തേക്ക് തടവിലാവുകയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ അപേക്ഷയില്‍ ജാമ്യം ലഭിക്കുകയും ചെയ്തു. അതിനുശേഷം സിങ്ങിന്റെ കേസ് അപ്പീല്‍ നടപടികളിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ശനിയാഴ്ച അപ്പീല്‍ കോടതി ഇയാളുടെ പുതിയ ഹരജിയും തള്ളിയതോടെയാണ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല