ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ അതിര് വിടുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടു തുടങ്ങിയിരിക്കുകയാണ്. ആണവനയത്തില്‍ അനുസരണക്കേട് കാണിക്കുന്ന ഇറാനെതിരെ വീണ്ടും യു.എസ ഉപരോധം ഏര്‍പ്പെടുത്തി. ഇറാനിലെ മൂന്നാമത്തെ വലിയ ബാങ്കായ തെജരാത്തിനെയും അനുബന്ധ ധനകാര്യസ്ഥാപനമായ ട്രേഡ് കാപ്പിറ്റല്‍ ബാങ്കിനെയും യു.എസ്. കരിമ്പട്ടികയില്‍പെടുത്തി. ഇറാന്റെ ആണവപരിപാടിയെ സഹായിക്കുന്നുവെന്നാരോപിച്ചാണ് ഈ നടപടി.
ഇനി മുതല്‍ ഈ ബാങ്കുകളുമായി ഇടപാട് നടത്തുന്ന വിദേശ സ്ഥാപനങ്ങള്‍ക്ക് അമേരിക്കന്‍ സാമ്പത്തിക സംവിധാനവുമായി ബന്ധപ്പെടാനാവില്ല. ഇതോടെ ഇറാന്റെ ഒറ്റപ്പെടല്‍ പൂര്‍ണമാവുമെന്നും അനധികൃത ആണവ പദ്ധതിയിലേക്ക് പണമൊഴുക്കുന്നത് വിഷമകരമായിരിക്കുമെന്നും യു.എസ്.ട്രഷറി അണ്ടര്‍സെക്രട്ടറി ഡേവിഡ് കോഹന്‍ പറഞ്ഞു. ഇറാന്റെ എണ്ണക്കയറ്റുമതിക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന നടപടിയില്‍നിന്ന് യൂറോപ്യന്‍ യൂണിയന്‍ പിറകോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാന്‍ രാഷ്ട്രീയ നേതൃത്വം അഭിപ്രായപ്പെട്ടു. യൂറോപ്പ് നടപടിയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ഹോര്‍മുസ് കപ്പല്‍പ്പാതഅടച്ചിടുമെന്നും അവര്‍ ഭീഷണി മുഴക്കി.
ആണവ പദ്ധതിയെക്കുറിച്ച് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാനുമേല്‍ ഏറെക്കാലമായി സമ്മര്‍ദം ചെലുത്തുകയാണ്. ആയുധങ്ങള്‍ നിര്‍മിക്കുകയാണ് ഇറാന്റെ ഉദ്ദേശ്യമെന്ന് അമേരിക്ക ആരോപിക്കുമ്പോള്‍ സമാധാനാവശ്യങ്ങള്‍ക്കാണ് പദ്ധതിയെന്നാണ് ഇറാന്റെ വിശദീകരണം.
അതിനിടെ തെജറാത്ത് ബാങ്കിനെതിരെ യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ ധനകാര്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാനില്‍ 2000 ബ്രാഞ്ചുകളുള്ള തെജരാത്ത് ബാങ്കിന് ഫ്രാന്‍സിലും താജികിസ്താനിലും ശാഖകളുണ്ട്. തെജറാത്തിനെതിരായ നടപടിയിലൂടെ ഇറാന് അന്താരാഷ്ട്ര സാമ്പത്തിക രംഗവുമായി ബന്ധപ്പെടാനുള്ള അവശേഷിക്കുന്ന മാര്‍ഗമാണ് യു.എസ്.മുടക്കിയിരിക്കുന്നത്. ഇതുവരെയായി ഇറാനുമായി ബന്ധപ്പെട്ട 23 സ്ഥാപനങ്ങള്‍ക്ക് നേരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല