സ്വന്തം ലേഖകന്‍: പൈലറ്റിന്റെ മാനസിക പ്രശ്‌നം, കോക്പിറ്റിലെ പുകവലി, കാഠ്മണ്ഡു വിമാന ദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ മാര്‍ച്ചില്‍ 51 യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിന്റെ കാരണം പൈലറ്റിന്റെ മാനസിക സമ്മര്‍ദവും പുകവലിയുമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ദിശ തെറ്റിയത് മനസ്സിലാക്കി ഇടപെടാന്‍ മറ്റ് വിമാന ജോലിക്കാര്‍ക്കും കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്ന് നേപ്പാളിലേക്ക് പറന്ന യുഎസ് വിമാനം കാഠ്മണ്ഡുവില്‍ ലാന്‍ഡു ചെയ്യുന്നതിനിടെയാണ് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന 71 പേരില്‍ 51 പേരും മരിച്ചു. തനിക്ക് വിമാനം നിയന്ത്രിക്കാന്‍ കഴിയുമെന്ന പൈലറ്റിന്റെ അമിത വിശ്വാസം അപകടം ക്ഷണിച്ചു വരുത്തുകയായിരുന്നു എന്നാണ് നിഗമനം.
വിമാനത്തിലെ ജീവനക്കാരുടെ സംഘത്തിലുണ്ടായിരുന്ന ഒരു വനിത ഉദ്യോഗസ്ഥ അപകട ദിവസം അവധിയെടുത്തതിന് പിന്നിലെ ചില സംശയങ്ങള്‍ കാരണം പൈലറ്റ് അസ്വസ്ഥനായിരുന്നു. വനിതാ ഉദ്യോഗസ്ഥയുടെ പിന്മാറ്റം തനിക്ക് അപമാനമായി എന്നും പൈലറ്റ് തെറ്റായി ധരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.. ഇതിനെ തുടര്‍ന്ന് പൈലറ്റിനുണ്ടായ മാനസികസമ്മര്‍ദം വിമാനത്തിന്റെ നിയന്ത്രണത്തെ ബാധിച്ചതായി കണക്കാക്കുന്നു.
വിമാനം ശരിയായ ദിശയിലായിരുന്നില്ല പറന്നിരുന്നതെന്നും ലാന്‍ഡ് ചെയ്യുമ്പോള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി ക്ഷണത്തില്‍ തീപിടിക്കുകയായിരുന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിലെ രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചു.
മാനസികപ്രശ്‌നമുണ്ടെന്ന കാരണത്താല്‍ ഇതേ പൈലറ്റിനെ 1993 ല്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. പിന്നീട് അസുഖലക്ഷണങ്ങളില്ലാത്തതിനാല്‍ തിരിച്ചെടുക്കുകയായിരുന്നു. കോക്ക്പിറ്റിലെ വോയ്‌സ് റിക്കോര്‍ഡറില്‍ നിന്ന് ലഭിച്ച വിവരങ്ങളും പൈലറ്റിന്റെ അസ്വസ്ഥത വെളിപ്പെടുത്തുന്നതാണ്. ഇയാള്‍ അപകടത്തിന് മുമ്പ് പുകവലിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2018 മാര്‍ച്ച് 12നായിരുന്നു അപകടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല