സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ പോര്‍വിളിക്ക് അമേരിക്കയുടെ മറുപടി, കൊറിയന്‍ മുനമ്പില്‍ മൂളിപ്പറന്ന് യുഎസ് ബോംബര്‍ വിമാനങ്ങള്‍. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് അമേരിക്കയെ വെല്ലുവിളിച്ച ഉത്തര കൊറിയയ്ക്ക് എതിരേയുള്ള ശക്തിപ്രകടനത്തിന്റെ ഭാഗമായി അമേരിക്ക കൊറിയന്‍ മേഖലയില്‍ രണ്ടു സൂപ്പര്‍സോണിക് ബി1ബി ബോംബര്‍ വിമാനങ്ങള്‍ പറത്തി. ഗുവാമിലെ യുഎസ് താവളത്തില്‍നിന്നു പറന്നുയര്‍ന്ന ബി1ബി യുദ്ധവിമാനങ്ങള്‍ക്ക് ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും യുദ്ധവിമാനങ്ങള്‍ അകമ്പടി സേവിച്ചു.
മേഖലയിലെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണ് ഉത്തര കൊറിയയെന്നും ആവശ്യമുള്ള സമയത്ത് അവര്‍ക്ക് എതിരേ മാരകമായ പ്രഹരം നടത്താന്‍ യുഎസ് സജ്ജമാണെന്നും പസഫിക് വ്യോമസേനാ കമാന്‍ഡര്‍ ജനറല്‍ ടെറന്‍സ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഉത്തരകൊറിയ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ടെസ്റ്റിന്(ഐസിബിഎം) പ്രസിഡന്റ് കിം ജോംഗ് ഉന്‍ നേരിട്ടു നേതൃത്വം വഹിച്ചെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അമേരിക്കയിലെ ഡെന്‍വര്‍, ഷിക്കാഗോ നഗരങ്ങളില്‍വരെ ചെന്നെത്താന്‍ ശേഷിയുള്ള മിസൈലാണിതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. നേര്‍ ദിശയില്‍ മിസൈല്‍ സഞ്ചരിച്ചിരുന്നെങ്കില്‍ അതിനു 10,400 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുമായിരുന്നുവെന്ന് യുഎസ് ശാസ്ത്രജ്ഞനായ ഡേവിഡ് റൈറ്റ് പറഞ്ഞു. ഉത്തരകൊറിയയ്ക്കും ഇറാനും റഷ്യക്കുമെതിരേ യുഎസ് സെനറ്റ് പുതിയ ഉപരോധം അംഗീകരിച്ചതിനു പിന്നാലെയായിരുന്നു മിസൈല്‍ പരീക്ഷണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല