സ്വന്തം ലേഖകന്‍: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ പത്തോളം വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎസും ബ്രിട്ടനും. ഈ വിമാനത്താവളങ്ങളില്‍ നിന്നും അമേരിക്കയിലേക്കും ബ്രിട്ടനേക്കുമുള്ള നോണ്‍ സ്‌റ്റോപ് സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏര്‍പപ്പെടുത്തിയത്. വിമാനത്തിനകത്ത് കൊണ്ടുപോകാവുന്ന ക്യാബിന്‍ ബാഗേജില്‍ ലാപ്‌ടോപ്, ടാബ്‌ലെറ്റ്, ക്യാമറ, ഡിവിഡി പ്ലെയര്‍ തുടങ്ങിയ വലിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവ ചെക്ക്ഡ് ബാഗേജില്‍ കൊണ്ടുപോകാം. മൊബൈല്‍ ഫോണുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ യാത്രക്കാര്‍ക്ക് കൈയില്‍ കരുതാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിലക്ക് സംബന്ധിച്ച് യു.എസ് അധികൃതര്‍ ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കിയിരുന്നില്ല. എന്നാല്‍ റോയല്‍ ജോര്‍ദ്ദാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ തിങ്കളാഴ്ച പുറത്തുവിട്ട ട്വീറ്റിലൂടെയാണ് വിലക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അമേരിക്കന്‍ വകുപ്പുകളുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് യു.എസിലേക്ക് പോകുന്നതും വരുന്നതുമായ യാത്രക്കാര്‍ക്ക് കൈവശം വയ്ക്കാവുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വിമനത്തില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്നായിരുന്നു ട്വീറ്റ്. ഇത് പിന്നീട് നീക്കം ചെയ്തു. നിരോധനം സംബന്ധിച്ച് വാഷിംഗ്ടണ്‍ പോസ്റ്റും സ്ഥിരീകരിച്ചിട്ടുണ്ട്.
കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍, ജിദ്ദ, സൗദി, കിങ് ഖാലിദ് ഇന്റര്‍നാഷണല്‍, റിയാദ്, സൗദി, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, യുഎഇ, അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, യുഎഇ, കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഹമാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഖത്തര്‍, അത്താത്തുര്‍ക്ക് എയര്‍പോര്‍ട്ട്, ഇസ്താംബുള്‍, തുര്‍ക്കി, കെയ്‌റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഈജിപ്ത്, ക്വീന്‍ ആലിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അമ്മാന്‍, ജോര്‍ദാന്‍, മുഹമ്മദ് വി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കാസബ്ലാങ്ക, മൊറോക്കോ എന്നിവയാണ് യുഎസിന്റെ നിയന്ത്രണ പട്ടികയിലുള്ള വിമാനത്താവളങ്ങള്‍.
ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് പിന്തുടരാന്‍ ബ്രിട്ടനും തീരുമാനിക്കുകയായിരുന്നു. ഈജിപ്ത്, ജോര്‍ദന്‍, ലെബനന്‍, സൗദി അറേബ്യ, ടുണീഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് നേരിട്ടു സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് നിയന്ത്രണം ബാധകം. കൈയില്‍ കരുതുന്ന വസ്തുക്കളില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് വിമാനം തകര്‍ക്കാന്‍ ഭീകരര്‍ ഒരുങ്ങുന്നതായ സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് നടപടിയെന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ സുരക്ഷാ ഏജന്‍സി മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ബ്രിട്ടീഷ് എയര്‍വെയ്‌സ്, ഈസി ജെറ്റ്, തോമസ് കുക്ക് അടക്കമുള്ള വന്‍കിട വിമാന കന്പനികള്‍ക്കു വിലക്കു ബാധകമാണ്.
സുരക്ഷാ കാരണങ്ങളാലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് അമേരിക്കന്‍ സുരക്ഷാ വകുപ്പ് അറിയിച്ചു. ബോംബ് ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിക്കാം എന്നതിനാലാണ് വലിയ ഉപകരണങ്ങള്‍ വിലക്കിയിരിക്കുന്നത്. അതേസമയം വിലക്കിനെതിരെ പ്രതിഷേധവുമായി തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല