ഇറാനെതിരേ യുദ്ധം വേണ്ടിവന്നാല്‍ ഉപയോഗിക്കാനായി അത്യാധുനിക ബങ്കര്‍ ബസ്റര്‍ ബോംബുകള്‍ യുഎസിനോട് ഇസ്രയേല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനാവുന്ന വിമാനങ്ങളും ചോദിച്ചിട്ടുണ്ട്. ഈയിടെ വൈറ്റ്ഹൌസില്‍ പ്രസിഡന്റ് ഒബാമയുമായി ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. നയതന്ത്രസമ്മര്‍ദത്തിനു വഴങ്ങി ആണവപദ്ധതിയില്‍ നിന്നു പിന്മാറാന്‍ ഇറാന്‍ തയാറാവാത്തപക്ഷം ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
ഈ വര്‍ഷം ആക്രമണം നടത്തില്ലെന്ന് ഉറപ്പുനല്‍കിയാല്‍ ഇസ്രയേല്‍ ചോദിച്ചതരത്തിലുള്ള അത്യാധുനിക ആയുധങ്ങള്‍ നല്‍കാമെന്ന് ഒബാമ ഉറപ്പുനല്‍കിയതായി ഇസ്രേലി പത്രമായ മാരീവ് റിപ്പോര്‍ട്ടു ചെയ്തു. ഇതേസമയം, മുന്‍ ഉപാധികളില്ലാതെ ആണവചര്‍ച്ചയ്ക്ക് ഇറാന്‍ സന്നദ്ധമാവണമെന്ന് പഞ്ചമഹാശക്തികളും ജര്‍മനിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ആവശ്യപ്പെട്ടു.
ആണവപരീക്ഷണങ്ങള്‍ നടക്കുന്നുവെന്നു സംശയിക്കപ്പെടുന്ന ഇറാനിലെ പാര്‍ചിന്‍ സൈനിക കേന്ദ്രം പരിശോധനയ്ക്കായി തുറക്കണമെന്നും പ്രസ്തുത ഗ്രൂപ്പ് നിര്‍ദേശിച്ചു. പാര്‍ചിനില്‍ ഒരുതവണ സന്ദര്‍ശനം നടത്താന്‍ യുഎന്‍ ആയുധപരിശോധകരെ അനുവദിക്കാമെന്നു നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല