സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയ കൂട്ടക്കൊല, പുറകില്‍ ദമ്പതിമാരെന്ന് പോലീസ്, പ്രതികളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടു. ഇന്നലെയാണ്
യു.എസ്സിലെ കാലിഫോര്‍ണിയയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സാമൂഹികകേന്ദ്രത്തില്‍ വെടിയുതിര്‍ത്ത് 14 പേരെ കൊലപ്പെടുത്തിയത്. സയ്യദ് റിസ്വാന് ഫറൂഖ് എന്ന 28 കാരന്റെയും തഷ്ഫീന്‍ മാലിക് എന്ന 27 കാരിയുടെയും പേരുകളാണ് പോലീസ് പുറത്തുവിട്ടത്.
ഫറൂഖ് യു.എസ്.പൗരനാണെന്നും ഇരുവരും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ പറഞ്ഞു. ഫറൂഖിന്റെ മാതാപിതാക്കള്‍ പാകിസ്താന് കാരാണ്. ഇയാള്‍ ഭാര്യയെ കാണാന്‍ സൗദി അറേബ്യയിലേക്ക് പോയിരുന്നതായി ബന്ധുക്കളും പറഞ്ഞു. അഞ്ചുവര്‍ഷമായി സാന്‍ ബെര്‍നാര്‍ഡിനോയിലെ ആരോഗ്യപ്രവര്‍ത്തകനുമാണ്.
ഇന്ത്യന്‍സമയം വ്യാഴാഴ്ച പുലര്‍ച്ചെയാണ് വെടിവെപ്പുണ്ടായത്. 17 പേര് പരിക്കുകളോടെ ആസ്?പത്രിയിലാണ്. 2012ല്‍ കണക്ടിക്കറ്റില്‍ 26 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനുശേഷം രാജ്യത്തുണ്ടാവുന്ന വലിയ ആക്രമണമാണിത്.
പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് അക്രമികള്‍ രണ്ടുപേരും കൊല്ലപ്പെട്ടത്. വാഹനത്തില്‍നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് കരുതിയ ഒരാളെ പോലീസ് പിടികൂടിയിരുന്നെങ്കിലും ഇയാളുടെ പങ്ക് തെളിയിക്കാനായിട്ടില്ല.
സൈനികവേഷം ധരിച്ച് അത്യാധുനിക ആയുധങ്ങളുമായായിരുന്നു ഇരുവരും സ്ഥലത്തെത്തിയത്.
പ്രദേശത്തുനിന്ന് മൂന്ന് സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. അക്രമത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ഭീകരാക്രമണമാണോ എന്ന് സംശയമുണ്ടെന്നും പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല