സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നിന്റെ മിസൈല്‍ പരീക്ഷണം, ഉത്തര കൊറിയയുമായുള്ള എല്ലാ നയതന്ത്ര വാണിജ്യ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങളോട് അമേരിക്ക. യു.എന്‍ രക്ഷാ സമിതിയില്‍ യു.എസ് പ്രതിനിധി നിക്കി ഹാലിയാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ബന്ധം ഉപേക്ഷിക്കുന്നത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുമെന്നതിനാല്‍ അത്തരം നടപടിക്ക് കഴിയില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഉത്തര കൊറിയക്ക് എണ്ണ നല്‍കുന്നത് അവസാനിപ്പിക്കാന്‍ ചൈനയോട് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടതായും നിക്കി ഹാലി വെളിപ്പെടുത്തി.
യു.എസ് സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, യുദ്ധമുണ്ടായാല്‍ ഉത്തര കൊറിയ മുഴുവനായും നശിപ്പിക്കപ്പെടുമെന്നും ഹാലി പറഞ്ഞു. മിസൈല്‍ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉത്തര കൊറിയയോട് ആവശ്യപ്പെട്ട റഷ്യന്‍ പ്രതിനിധി വാസിലി നബന്‍സിയ, ഡിസംബറില്‍ ദക്ഷിണകൊറിയയില്‍ യു.എസ് നടത്തുന്ന സൈനിക അഭ്യാസവും നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ടു. ഇത് കലുഷിതമായ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനീസ് പ്രതിനിധിയും ഇതേ ആവശ്യം രക്ഷാസമിതിയില്‍ ഉന്നയിച്ചു.
ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടന്നത്. തുടര്‍ന്ന് പരീക്ഷണം വിജയകരമാണെന്നും അമേരിക്കയിലെ ഏതു പ്രദേശത്തും ഇതിന് എത്താനാവുമെന്നും ഉത്തര കൊറിയന്‍ സര്‍ക്കാര്‍ ചാനല്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് യു.എന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല